അവഗണനയുടെ പായൽ മൂടി കൈപ്പുറത്തുപാലം കായൽ
കോഴിക്കോട്: അവഗണനയുടെ പടുകുഴിയിൽ കൈപ്പുറത്തുപാലം കായൽ. പായൽ നിറഞ്ഞ് കായൽ മൂടിയിട്ടും അധികൃതരുടെ ശ്രദ്ധയുണ്ടാവുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. ടൂറിസത്തിന് അനന്ത സാദ്ധ്യതകളുള്ള പ്രദേശമാണ് നഗരത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയുള്ള കൈപ്പുറത്തുപാലം കായൽ. വിവിധങ്ങളായ കണ്ടൽച്ചെടികളും ദേശാടനപക്ഷികളും മറ്റു കിളികളും കൂടുകൂട്ടുന്ന ഇടമാണ്. രണ്ട് തവണ നാട്ടുകാരുടെ നേതൃത്വത്തിൽ മന്ത്രി പങ്കെടുത്ത് കായൽഫെസ്റ്റ് നടത്തിയ കൈപ്പുറത്തുപാലം കായലിന്റെ അവസ്ഥ ദയനീയമാണ്. ആഫ്രിക്കൻപായൽ മൂടി മത്സ്യബന്ധത്തിന് പോലും കഴിയാത്ത അവസ്ഥ. കനോലിക്കനാൽ കല്ലായി മുതൽ കുണ്ടുപ്പറമ്പ് ഭാഗം വരെ മാലിന്യം പേറി ഒഴുകുമ്പോൾ ഈ ഭാഗം മാലിന്യ മുക്തമായി ശുദ്ധജലം നിറഞ്ഞൊഴുകുന്നതാണ്. രാവും പകലുമില്ലാതെ ആളുകൾ ചൂണ്ടയിട്ടും വലവീശിയും മീൻ പിടിക്കുന്ന പ്രകൃതി സുന്ദരമായ ഇവിടെ നിരവധി ഡോക്യുമെന്ററികളും ആൽബം ഷൂട്ടിംഗും സിനിമ ചിത്രീകരണവും നടക്കാറുണ്ട്. കടൽ വഴി പുറക്കാട്ടേരി പുഴയിലൂടെ ഉപ്പുവെള്ളം സമൃദ്ധമായെത്തുന്ന ഇവിടെ കടൽ മീനുകളും കിട്ടാറുണ്ട്. പ്രദേശത്തിന്റെ വരുമാന സ്രോതസുകൂടിയാണ് ഇവിടം. പായൽ നീക്കി കായൽ മനോഹരമാക്കി ടൂറിസത്തിന് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.