ആശ്രാമത്തെ സമുച്ചയത്തിൽ എട്ടടി​യുള്ള ഗുരുദേവ ശില്പം

Tuesday 13 January 2026 12:33 AM IST
ഉണ്ണി കാനായി ഗുരുദേവ ശില്പത്തിന്റെ നിർമ്മാണവേളയിൽ (ഫയൽ ചിത്രം)

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വെങ്കല ശില്പം അടുത്തയാഴ്ച സ്ഥാപിച്ചേക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് 19ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നറി​യുന്നു.

ശില്പി ഉണ്ണി കാനായി, കണ്ണൂർ പയ്യന്നൂരിലെ വസതിയിൽ ശില്പത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 17ന് കൊല്ലത്തേക്ക് കൊണ്ടുവരും. സാംസ്കാരിക സമുച്ചയത്തിന്റെ പ്രവേശന കവാടത്തിന് സമീപം പുറത്ത് നിന്നു കാണാൻ കഴിയുന്നവിധം കാസ്റ്റ് അയൺ കൊണ്ടുള്ള പീഠത്തിന് മുകളിലാണ് സ്ഥാപിക്കുന്നത്. ധ്യാനത്തിൽ നിന്നുണർന്ന്, മിഴികളാൽ അനുഗ്രഹം ചൊരിയുന്ന ഗുരുദേവ ശില്പമാണ് ഉണ്ണി കാനായി തയ്യാറാക്കിയിരിക്കുന്നത്. എട്ട് അടി ഉയരമുണ്ട്. ധ്യാനത്തിലിരിക്കുന്ന ഗുരുവിന്റെ ഏറ്റവും ഉയരമുള്ള ശില്പങ്ങളിലൊന്നായിരിക്കുമിത്. രണ്ട് വർഷം മുൻപാണ് ശില്പത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 800 കിലോ വെങ്കലം ഉപയോഗിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ആശ്രാമത്ത് സ്ഥാപി​ച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ ഗുരുദേവനുമായി സാദൃശ്യമില്ലാത്ത ഒരു ശില്പം സ്ഥാപിച്ചിരുന്നു. അത് വിവാദമായതോടെയാണ് ഗുരുദേവന്റെ വെങ്കല ശില്പം നിർമ്മിക്കാൻ തീരുമാനിച്ചത്.