തേങ്ങയുടെ പകുതി സമയം മതി, ലാഭം രണ്ട് തവണ കിട്ടും, കേരളത്തില്‍ കോടികള്‍ കൊയ്യാന്‍ തമിഴര്‍

Tuesday 13 January 2026 12:42 AM IST

തൊടുപുഴ: വേനല്‍ച്ചൂട് കടുത്തതോടെ തേങ്ങയ്ക്ക് പിന്നാലെ കരിക്കിനും വില ഉയര്‍ന്ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം കൊടുംവരള്‍ച്ചയായിരുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍പ്പോലും 40 - 50 രൂപയായിരുന്ന കരിക്കിന് ഇപ്പോള്‍ 70 രൂപയാണ് വില. തേങ്ങയ്ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍ തുടങ്ങിയതോടെയാണ് കരിക്ക് വിലയിലും മാറ്റം പ്രകടമായത്. എന്നാല്‍ നഗരത്തെ അപേക്ഷിച്ച് നാട്ടിന്‍പുറത്തെ വിപണികളില്‍ 10 രൂപയുടെ കുറവുണ്ട്. 60 രൂപയാണ് കരിക്ക് വില. ഒരു കരിക്കിന് പരമാവധി 25 - 35 രൂപയാണ് മുമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ വില കൂടിയതോടെ ഇപ്പോള്‍ 40 - 45 രൂപ നിരക്കില്‍ കരിക്ക് വാങ്ങാനാളുണ്ട്.

നാളികേരത്തിന്റെ വിലയ്ക്ക് ആനുപാതികമായി വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ വിലക്കയറ്റവും മാറ്റമില്ലാതെ തുടരുകയാണ്. നഗരത്തില്‍ കൂടുതലും കരിക്ക് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നെല്ലാം വരവുണ്ട്. വേനല്‍ ചൂട് വര്‍ധിച്ചതിനാല്‍ കരിക്കിനും വന്‍ ഡിമാന്‍ഡാണ്.

നല്ല 'തനി നാടന്‍' കരിക്ക്

നാട്ടില്‍ പുറങ്ങളിലെ പാതയോരങ്ങളില്‍ കരിക്ക് വിപണികള്‍ സജീവമായി തുടങ്ങി. ഇവിടെ വരവ് കരിക്ക് അധികം വില്‍ക്കുന്നില്ല. നാട്ടിലെ പരിചയക്കാരുടെ തോട്ടങ്ങളില്‍ നിന്നും നേരിട്ടാണ് കച്ചവടക്കാര്‍ കരിക്ക് ശേഖരിക്കുന്നത്. പച്ച കരിക്കിനൊപ്പം ചെന്തെങ്ങിന്റെ കരിക്കുമുണ്ട്. എങ്കിലും ദൗര്‍ലഭ്യമുണ്ടായാല്‍ വരവ് കരിക്ക് തന്നെ വേണ്ടിവരുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. നാട്ടിന്‍ പുറങ്ങളില്‍ 60 രൂപയാണ് കരിക്ക് വില. മണ്ഡരി ബാധയ്ക്കുശേഷം കര്‍ഷകര്‍ തെങ്ങുകള്‍ക്ക് വേണ്ടത്ര പരിചരണം നല്‍കാത്തത് ഉത്പാദനക്കുറവിന് കാരണമായിട്ടുണ്ട്. ഇതിനൊപ്പം ഇത്തരം കടകളില്‍ കരിക്ക് ഷേക്ക് അടക്കമുള്ള വിഭവങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

തമിഴ്‌നാടിനും കേരളത്തിനും താത്പര്യം 'കരിക്ക് '

തേങ്ങ കുലച്ച് ഉള്ളില്‍ വെള്ളകാമ്പ് വന്ന് അഞ്ചുമാസമായാല്‍ കരിക്ക് ആകും. എന്നാല്‍, തേങ്ങ പൂര്‍ണ വളര്‍ച്ചയെത്താന്‍ പതിനൊന്നു മാസമെങ്കിലും വേണം. ഈ സമയത്തിനുള്ളില്‍ രണ്ടുതവണ വിളവെടുക്കാനാകുമെന്നതാണ് തമിഴ് കര്‍ഷകരെ കരിക്ക് കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക കരിക്ക് തോട്ടങ്ങളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കയറ്റുകൂലി ഉള്‍പ്പെടെ നല്‍കിയാല്‍ പിന്നെ ഒന്നും മിച്ചമില്ലാത്തതിനാല്‍ നമ്മുടെ നാട്ടിലും തെങ്ങുള്ളവര്‍ക്ക് നാളികേരം കുലച്ചാല്‍ കരിക്കായി നല്‍കാനാണ് ഇപ്പോള്‍ താത്പര്യം.

''നല്ല കച്ചവടമാണ്. ഇറക്കുന്ന കരിക്കുകള്‍ ഒന്നും മിച്ചം വരാറില്ല '' അലോഷ്യസ് (കരിക്ക് വ്യാപാരി )