പോക്കുവരവിന് കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം തടവ്

Tuesday 13 January 2026 3:05 AM IST

തിരുവനന്തപുരം: ഭൂമി പോക്കുവരവിന് 5000 രൂപ കൈക്കൂലി വാങ്ങിയതിന് വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ബാലരാമപുരം സ്വദേശിയും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

പെരുകാവ് വാളിയോട്ടുകോണം സ്വദേശിയുടെ പരാതിയിലാണ് അർഷാദ് കുടുങ്ങിയത്. ഇയാളുടെ ഭാര്യയുടെ പേരിൽ വിളവൂർക്കൽ വില്ലേജിലുള്ള 75സെന്റ് സ്ഥലത്തിന്റെ പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങവേയാണ് ഇർഷാദ് പിടിയിലായത്. 2021ലായിരുന്നു സംഭവം. വിവിധ വകുപ്പുകളിലായാണ് ആകെ 6 വർഷം കഠിന തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജിന്റെ ഉത്തരവിൽ പറയുന്നു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.