റബർ തോട്ടത്തിൽ യുവതിയുടെ ജഡം: 21 വർഷത്തിന് ശേഷം സി.ബി.ഐ അന്വേഷണം
കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിലെ റബർ തോട്ടത്തിൽ 21 വർഷം മുമ്പ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ബി.ഐ സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റ് ഇതുസംബന്ധിച്ച എഫ്.ഐ.ആർ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
2004 ഡിസംബർ 28നാണ് പെരിന്തൽമണ്ണ - കൊളത്തൂർ റോഡിനരികിൽ പുത്തനങ്ങാടിയിലെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. മഞ്ഞ ബ്ലൗസും പാവാടയും ധരിച്ച 35 വയസ്സ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. യുവതിയെ തിരിച്ചറിയാനോ പ്രതിയെ പിടികൂടാനോ കഴിയാതെ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചതാണെന്ന് അന്ന് ആരോപണമുയർന്നിരുന്നു.
കേസിൽ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്ത 79കാരൻ അബുവിന്റെ നിയമപോരാട്ടമാണ് സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുക്കിയത്. പൊലീസ് നടപടി തനിക്ക് നാണക്കേടുണ്ടാക്കിയെന്നും സത്യം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കഴിഞ്ഞ നവംബർ 20നാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
കേസിലെ സാക്ഷിയായിരുന്ന രവീന്ദ്രന്റെ ദുരൂഹ മരണവും സി.ബി.ഐ അന്വേഷിക്കും. 2004 മുതൽ 2009 വരെയാണ് കേസ് പൊലീസ് അന്വേഷിച്ചത്. 2021ൽ ഹൈക്കോടതിയിൽ ഹർജി വന്നതിനെ പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല.