അനിൽകുമാറിന് വി.സി. നൽകിയ കുറ്റാരോപണ മെമ്മോ സ്റ്റേ ചെയ്തു
കൊച്ചി: കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് വൈസ് ചാൻസലർ നൽകിയ കുറ്റാരോപണ മെമ്മോയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രജിസ്ട്രാർക്ക് മെമ്മോ നൽകാൻ വി.സിക്ക് അധികാരമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. എന്തിനാണ് ചാർജ് മെമ്മോ നൽകിയതെന്ന് വിശദീകരിച്ച് മറുപടി സത്യവാങ്മൂലം നൽകാൻ വി.സിക്ക് നിർദ്ദേശം നൽകി.
സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയ ശേഷം വി.സി കുറ്റാരോപണ മെമ്മോ നൽകിയതിനെതിരെ അനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. കുറ്റാരോപണ മെമ്മോ നൽകിയത് അദ്ഭുതപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എന്തായിരുന്നു ഇതിനുള്ള അടിയന്തര സാഹചര്യമെന്ന് വ്യക്തമാകുന്നില്ല. സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം വച്ചിട്ടില്ല. ഇതിനു പിന്നിൽ മറ്റെന്തോ ലക്ഷ്യങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.
സർവകലാശാലയിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് വൈസ് ചാൻസലർ വിളിച്ചുചേർത്ത സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കി. ഇത് അംഗീകരിക്കാതെ വി.സി തീരുമാനം ചാൻസലർക്ക് വിട്ടു. ഇതിനുപിന്നാലെ ഡിസംബർ 16ന് വി.സി പുതിയ കുറ്റാരോപണ മെമ്മോ നൽകുകയായിരുന്നു. ഇതിനിടെ അനിൽകുമാറിനെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ തസ്തികയിലേക്ക് തിരിച്ചയച്ച് സർക്കാർ തീരുമാനവുമുണ്ടായി.