ഖരഇന്ധന ചേംബറിൽ മർദ്ദം അസാധാരണമായി കുറഞ്ഞു, നടുങ്ങി വി.എസ്.എസ്.സിയും
തിരുവനന്തപുരം നാലുഘട്ടങ്ങളുടെ പി.എസ്.എൽ.വി.റോക്കറ്റിന്റെ മൂന്നാമത്തെ ഘട്ടത്തിലെ ഖര ഇന്ധനമോട്ടോർ ചേംബർ മർദ്ദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം രണ്ടുതവണയും പരാജയപ്പെടാൻ കാരണമെന്നാണ് നിഗമനം . ഏറ്റവും വിശ്വസ്തമായ പി.എസ്.എൽ.വി.റോക്കറ്റിലെ അപ്രതീക്ഷിത വീഴ്ചയിൽ ഞെട്ടിയിരിക്കുകയാണ് ഐ.എസ്.ആർ.ഒയും തുമ്പ വി.എസ്.എസ്.സിയും. ഈ വർഷത്തെ ആദ്യവിക്ഷേപണമായിരുന്നു.
തിരുവനന്തപുരത്തെ തുമ്പയിലുള്ള വി.എസ്.എസ്.സി.യിലാണ് പി.എസ്.എൽ.വി. റോക്കറ്റ് നിർമ്മിക്കുന്നത്. അറുപതിലേറെ റോക്കറ്റുകളാണ് ഇവിടെ നിർമ്മിച്ചത്.പരാജയപ്പെട്ടത് നാലെണ്ണം മാത്രം. മൂന്നാംഘട്ടത്തിലെ ദുരൂഹമായ പിഴവുകൾ കണ്ടെത്തി വീണ്ടും വിക്ഷേപണത്തിന് സജ്ജമാകാനാണ് ഐ.എസ്.ആർ.ഒ.തീരുമാനം
ഖരഇന്ധനം ജ്വലിച്ചാൽ
ഇടപെടാനാവില്ല
264 സെക്കൻഡ് മുതലാണ് നിയന്ത്രണം നഷ്ടമായത്.
രണ്ടും മൂന്നും ഖര ഇന്ധനമാണ്.ഇത് ഒരിക്കൽ ജ്വലിപ്പിച്ചാൽ പിന്നെ ഒന്നും ചെയ്യാനാവില്ല.ലിക്വിഡ് ഇന്ധനവും ക്രയോജനിക് ഇന്ധനവും പിഴവ് കണ്ടെത്തിയാൽ തൽക്കാലം ഓഫ് ചെയ്യാനും വീണ്ടും ജ്വലിപ്പിക്കാനും കഴിയും. കഴിഞ്ഞ തവണ ഉണ്ടായ അതേ പിഴവാണ് ഇത്തവണയും ഉണ്ടായത്. കഴിഞ്ഞ തവണ മൂന്നാം സ്റ്റേജ് ജ്വലിച്ച് തുടങ്ങിയപ്പോൾ തന്നെ പിഴവുണ്ടായി.ഇന്നാൽ ഇത്തവണ മൂന്നാംഘട്ടം തീരാറായപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മൂന്നാം ഘട്ടം പൂർത്തിയാക്കി അതിന്റെ തള്ളൽ കൊണ്ടാണ് നാലാംഘട്ടം കുതിക്കുക.നാലാം ഘട്ടം പ്രവർത്തിച്ചാൽ മാത്രമേ അത് നിയന്ത്രിച്ച് ഭ്രമണത്തിലേക്ക് മാറ്റാൻ കഴിയുകയുള്ളു.ഖര ഇന്ധനം ഉപയോഗിക്കുന്ന ലോകത്തെ അപൂർവ്വം വിക്ഷേപണറോക്കറ്റുകളിലൊന്നാണിത്. ഖര ഇന്ധനം ഉപയോഗിക്കുന്നതാണ് പി.എസ്.എൽ.വി.യുടെ വിക്ഷേപണചെലവ് കുറയ്ക്കുന്ന പ്രധാന ഘടകം.