പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Tuesday 13 January 2026 3:35 AM IST

കോട്ടയം : സാമ്പത്തിക തർക്കത്തെ തുടർന്ന് പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി നെടുംകണ്ടം കല്ലാർഭാഗം തുരുത്തിയൽ ഷേർളി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഷേർളിയുടെ കൂവപ്പള്ളി കുളപ്പുറത്തെ വീട്ടിലാണ് സംഭവം.

ഇരുവരും ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ജോബ് ഇവിടുത്തെ പതിവ് സന്ദർശകനായിരുന്നു. വീടിന്റെ മുൻഭാഗം പൂട്ടിയ നിലയിലും അടുക്കള വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. എട്ട് മാസം മുൻപാണ് ഷേർളി ഇവിടെ താമസം ആരംഭിച്ചത്. ഞായറാഴ്ച അവശനിലയിലായ ഷേർലിയെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വൈകിട്ട് തിരികെയെത്തി. ഷേർലിയുടെ ബന്ധുവെന്നു പറഞ്ഞ് മറ്റൊരാളും വീട്ടിൽ എത്തിയിരുന്നു. വീടിന് മുമ്പിൽ സി.സി.ടി.വി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഭർത്താവ് മരിച്ചുപോയെന്നും, ജോബ് സഹോദരനാണെന്നുമായിരുന്നു ഷേർളി സമീപവാസികളോട് പറഞ്ഞിരുന്നത്. വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. താഴത്തങ്ങാടിയിൽ ട്യൂഷൻ സെന്റർ നടത്തുന്ന ജോബ് ആലപ്പുഴ ബ്രില്ല്യന്റ്‌സ് കോളേജിലെ അദ്ധ്യാപകനാണ്. ആദ്യവിവാഹ ബന്ധം വേർപെടുത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് താമസം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.