സ്കൂട്ടർ മറിഞ്ഞു, അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകൻ മരിച്ചു

Tuesday 13 January 2026 2:38 AM IST

കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്ര് നായാട്ടിന് പോയ അഭിഭാഷകൻ മരിച്ചു. ഉഴവൂർ ഒക്കാട്ട് അഡ്വ.ജോബി ജോസഫാണ് (56) മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഉഴവൂർ പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു.

ഇതിനിടെ, തോളത്ത് സൂക്ഷിച്ചിരുന്ന തോക്ക് പൊട്ടി ചെവിയുടെ ഭാഗത്ത് പരിക്കേറ്റു. ശബ്ദംകേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാക്കിയിരുന്ന തോക്ക് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചെടുത്തത്. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ഡോ.ഷിജി. മക്കൾ: ഐവിൻ, അന്നൂസ്, ജോസ്.