ആരിക്കാടി ടോൾ പിരിവിൽ വൻ പ്രതിഷേധം
കാസർകോട്: ദേശീയപാത കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ചുങ്കം പിരിവിനെതിരായ പ്രതിഷേധം ശക്തമായി. ടോൾ പിരിവിനെതിരെ പ്രതിഷേധിച്ച എ.കെ.എം അഷറഫ് എം.എൽഎ ഉൾപ്പെടെയുള്ളവരെ ഇന്നലെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്രുചെയ്തു നീക്കി. ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എ.കെ.എം അഷ്റഫ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ദേശീയപാത ചട്ടങ്ങൾ ലംഘിച്ചാണ് ആരിക്കാടി ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചതെന്നാരോപിച്ചാണ് സമരം. ചുങ്കം പിരിക്കുന്ന തലപ്പാടി ടോൾ പ്ലാസയ്ക്കും പുതുതായി ആരംഭിച്ച ആരിക്കാടി പ്ലാസയ്ക്കും ഇടയിൽ വെറും 22 കിലോമീറ്റർ മാത്രമാണ് ദൂരം. ദേശീയപാത ഫീ റൂൾസ് പ്രകാരം രണ്ട് ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം നിർബന്ധമാണ്.
തർക്കത്തെ തുടർന്ന് നിരവധി തവണ മാറ്റിവച്ച ടോൾ പിരിവ് ഇന്നലെ തുടങ്ങിയതോടെയാണ് എം.എൽ.എയും നാട്ടുകാരും രംഗത്തെത്തിയത്. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. തർക്കം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തരുതെന്ന് അഭ്യർത്ഥിച്ചിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നും അഷ്റഫ് പറഞ്ഞു.