സ്കൂൾ കലോത്സവ വേദിക്കരികിൽ ആനന്ദോത്സവം
തൃശൂർ: കൊറിയോഗ്രാഫർ ആർ.എൽ.വി.ആനന്ദിന് ഈ കലോത്സവകാലത്തും വിശ്രമമില്ല. വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്‌ളാസ് വിദ്യാർത്ഥിയുമായി ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും വേദിക്കരികിൽ ഈ ഗുരുവുണ്ടാകും. നടിമാരായ കാവ്യ മാധവനും അനു സിതാരയും അടക്കം അമ്പതിനായിരത്തിലേറെ നർത്തകരുടെ ഗുരുവാണ് ആനന്ദ്. മൂന്നര പതിറ്റാണ്ടിലേറെയായി കലോത്സവ വേദികളിലെ മാസ്റ്റർ. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നു ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആനന്ദ്, 19ാം വയസിലാണ് നൃത്താദ്ധ്യാപകനായത്. 1998ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം നേടിയ രഞ്ജിമ എൻ.മോഹൻ ആനന്ദിന്റെ ശിഷ്യനാണ്.
'മീശമാധവൻ' സിനിമ പുറത്തിറങ്ങിയ ശേഷമാണ് കാവ്യമാധവൻ ശിഷ്യയാകുന്നത്. ഇപ്പോഴും കാവ്യയെ പഠിപ്പിക്കുന്നുണ്ട്.
ചാലക്കുടി പുത്തുപറമ്പിലാണ് ജനനം. മരണാനന്തരം ആത്മാവിന് സംഭവിക്കുന്നത് ഒരു നൃത്തരൂപമാക്കി അവതരിപ്പിക്കണമെന്നതാണ് ജീവിതാഭിലാഷം. ഭാര്യ കലാമണ്ഡലം ജയ. മകൻ യാദവ് ആനന്ദ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ ജീവനക്കാരൻ. മകൾ അളകനന്ദ മൈസൂരുവിൽ ഫോറൻസിക് വിദ്യാർത്ഥിനി.
എല്ലാവർക്കും എ ഗ്രേഡ് കൊടുക്കുന്നതിനോട് യോജിപ്പില്ല. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മാത്രം എ ഗ്രേഡ് നൽകിയാലേ മറ്റുള്ളവർ അടുത്ത മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കൂ.
ആർ.എൽ.വി.ആനന്ദ്.