വടക്കാഞ്ചേരിയിൽ ട്രെയിനപകടങ്ങളിൽ യുവതി മരിച്ചു, യുവാവിന്റെ കൈ അറ്റു

Tuesday 13 January 2026 3:41 AM IST

വടക്കാഞ്ചേരി : റെയിൽവേ സ്റ്റേഷനിലും പഴയ റെയിൽവേ ഗേറ്റ് പരിസരത്തുമുണ്ടായ വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ യുവതി മരിക്കുകയും യുവാവിന്റെ ഇടത് കൈ അറ്റു പോവുകയും ചെയ്തു. ആന്ധ്രാപ്രദേശ് ചിറ്റൂർ കല്ലൂർ ഇന്ദിരാനഗർ ഉന്നതിയിൽ വജ്രാല റെഡ്ഡി ബാബുവിന്റെ ഭാര്യ വജ്രാല പ്രവീണിനെയാണ് (45) പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പഴയ റെയിൽവേ ഗേറ്റ് പരിസരത്ത് മംഗലാപുരം തിരുവനന്തപുരം ട്രെയിനിൽ നിന്ന് വീണാണ് വജ്രാല പ്രവീൺ മരിച്ചത്. കവാടത്തിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ വീണതാണെന്നാണ് യാത്രക്കാരുടെ മൊഴി. മൃതദേഹം തൃശൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് കക്കാട് സ്വദേശി വിനായകനാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 2.20നുള്ള സ്‌പെഷ്യൽ ട്രെയിൻ കടന്നുപോയ ശേഷമാണ് പാളത്തിൽ ഇടതുകൈ അറ്റ് അബോധാവസ്ഥയിൽ വിനായകനെ കണ്ടെത്തിയത്. തൃശൂർ ഗവ: മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.