രാഹുൽ ഈശ്വറിന് നോട്ടീസ് 19ന് ഹാജരാകണം
Tuesday 13 January 2026 3:43 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ കേസിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ ജാമ്യത്തിലായിരുന്ന രാഹുൽ ഈശ്വർ 19 ന് ഹാജരാകാൻ കോടതി നോട്ടീസയച്ചു. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസ കാതറിൻ ജോർജിന്റേതാണ് നടപടി. രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നുകാട്ടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടിസ് അയച്ചത്. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാണ് നിർദ്ദേശം. റിമാൻഡിലായി 16 ദിവസത്തിന് ശേഷം ഡിസംബർ 15 ന് സമാന കുറ്റകൃത്യം ചെയ്യരുത് എന്ന ഉപാധിയിലാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ഇത് ലംഘിച്ച രാഹുൽ വീണ്ടും സമൂഹ മാധ്യമത്തിലൂടെ അതിജീവതയെ അതിക്ഷേപിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണെന്നാണ് സർക്കാർ വാദം.