കിലോയ്ക്ക് 2500 രൂപ വരെ ലഭിക്കും , ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാൽ കർഷകരുടെ വരുമാന മാർഗം
കോലഞ്ചേരി: കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന വൃക്ഷ സുഗന്ധവിളയായ ജാതിക്കൃഷിയും കർഷകർ കൈവിടാനൊരുങ്ങുന്നു. വിലയുള്ളപ്പോൾ വിളവില്ല, വിളവുള്ളപ്പോൾ വിലയില്ല എന്ന അവസ്ഥയിലാണ് കൃഷി. മേയ്, ജൂൺ മാസങ്ങളാണ് ജാതിയുടെ വിളവെടുപ്പ് സീസൺ. അന്ന് നല്ലയിനം പത്രി 1100 - 1700 നിരക്കിലും ജാതിക്കായ 250 - 260 നിരക്കിലുമായിരുന്നു വില്പന. ഇന്ന് കായവില 320 - 355 നിരക്കിലും പത്രി കിലോയ്ക്ക് 2300 - 2500 രൂപയുമുണ്ട്. പക്ഷേ കർഷകർ നേരത്തെ തന്നെ വില്പന നടത്തിയതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല. മുൻവർഷങ്ങളിൽ സ്റ്റോക്ക് ചെയ്ത് വിറ്റഴിക്കാൻ ശ്രമിച്ചവർക്ക് വില കുറഞ്ഞ് തിരിച്ചടി നേരിട്ടതോടെ ആരും തന്നെ സ്റ്റോക്ക് വച്ചിട്ടുമില്ല.
കായ് പൊഴിച്ചിൽ പതിന്മടങ്ങ്
ആഭ്യന്തര, രാജ്യാന്തര വിപണികളിൽ വൻ ഡിമാൻഡുണ്ടായിരുന്ന സുഗന്ധവിളയാണ് ജാതിക്കയും ജാതിപത്രിയും. 2018ലെ പ്രളയശേഷം ജാതിമരങ്ങൾ കൃത്യമായി കായ്ഫലം തരുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരുന്നു കർഷകർ. അതിനിടെയാണ് പതിവില്ലാത്ത വിധമുള്ള തോരാമഴയെ തുടർന്ന് കായ് പൊഴിച്ചിൽ പതിന്മടങ്ങായത്. ജാതിപത്രിയും കായും മൂപ്പെത്തും മുമ്പേ പൊഴിഞ്ഞ് വീഴുകയാണ്.
ഭീമമായ ചെലവ് വരും
മഴ സീസണിലാണ് വിളവെടുപ്പ് വരുന്നതെന്നതിനാൽ വെയിൽ ലഭിക്കാത്തതിനാൽ ശേഖരിക്കുന്ന കായ്കളും പത്രിയും ഉണക്കിയെടുക്കാനാകുന്നില്ല. ഡ്രയറോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഉണക്കണം, അതിനും ഭീമമായ ചെലവ് വരും. വേനൽക്കാലത്ത് നല്ലപോലെ ജലസേചനവും നൽകണം, അല്ലെങ്കിൽ കായ് പൊഴിച്ചിൽ കൂടും. മൊത്തത്തിൽ കൃഷിക്ക് ചെലവ് വരുന്ന തുകയുടെ അഞ്ചയലത്ത് വില്പന നടക്കാറില്ല. ഇതോടെ ജാതിമരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയാനൊരുങ്ങുകയാണ് മിക്ക കർഷകരും.
ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാൽ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്നു ജാതി.
കായവില- 320 - 355
പത്രി കിലോയ്ക്ക് 2300 - 2500 രൂപ
2018ലെ മഹാപ്രളയത്തിന് ശേഷം വിളവ് ക്രമാതീതമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിൽ ജാതിമരങ്ങൾ പൂക്കുന്നുണ്ടെങ്കിലും കായ പിടിക്കുന്നില്ല. അതിനിടയിലാണ് വിലക്കുറവും.
കെ.എൻ.നാരായണൻ,
കർഷകൻ, വെങ്ങോല
മുൻ വർഷങ്ങളിലുണ്ടായ വിലയിടിവിനെ തുടർന്ന് കർഷകർ ജാതിക്കായും പത്രിയും നേരത്തെ വിറ്റഴിച്ചു. നിലവിൽ കുത്തക മൊത്ത കച്ചവടക്കാരാണ് വിപണി നിയന്ത്രിക്കുന്നത്. വില കൂട്ടലും കുറയ്ക്കലുമെല്ലാം തോന്നുംപടിയാണ്.
ടി.വി.ബാബുരാജ്,
മലഞ്ചരക്ക് വ്യാപാരി, പട്ടിമറ്റം.