ട്വന്റി-20 ലോകകപ്പ്: ബംഗ്ലാദേശിന്റെമത്സരങ്ങൾക്ക് തിരുവനന്തപുരവും പരിഗണനയിൽ?​

Tuesday 13 January 2026 7:54 AM IST

ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ തന്നെയെന്ന് സുരക്ഷാ വിലയിരുത്തലിന് ശേഷം ഐ.സി.സി

തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിന്റഎ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുന്നതിന് ഒരു ഭീഷണിയും തടവുമില്ലെന്ന് സുരക്ഷാ വിലയിരുത്തലിന് ശേഷംഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി)​ അധികൃതർ വ്യക്തമാക്കി.ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്കെത്തുന്ന ബംഗ്ലാദേശ് ടീമിന്റെ സുരക്ഷാ ആശങ്കകൾ ശരവച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി)​ ഒരു കത്തും അയച്ചിട്ടില്ലെന്നും ഐ.സി.സിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

മുസ്തഫിസുർ റഹ്‌മാൻ ടീമിലുണ്ടെങ്കിൽ സുരക്ഷാ ഭീഷണി വർദ്ധിക്കുമെന്നും ബംഗ്ലാദേശ് ആരാധകർ ടീം ജേഴ്‌സി ധരിച്ച് പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നത് അപകടമാണെന്നും ബംഗ്ലാദേശിൽ ഇലക്ഷൻ സമയമായതിനാൽ സ്ഥിതി വഷളാകുമെന്നും ഐ.സി.സി സുരക്ഷാ അധികൃതർ കത്തിൽ അറിയിച്ചെന്ന് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെ ഒരുകത്തയച്ചിട്ടില്ലെന്നും ഒരു താരത്തേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഐ.സി.സി വ്യക്തമാക്കി.ബംഗ്ലാദേശിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ള കൊൽക്കത്തയിലും മുംബയ്‌യിൽ പരിശോധനയിൽ ഒരു സുരക്ഷാഭീഷണിയും ഇല്ലെന്നാണ് കണ്ടെത്തിയതെന്നും ഐ.സി.സി വൃത്തങ്ങൾ പറയുന്നു.

ഇതിനിടെ ബംഗ്ലാദേശിന്റെ മത്സരങ്ങൾക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിക്കുന്നതായും ഇന്നലെ റിപ്പോർട്ടുകൾ വന്നു. കൊൽക്കത്തയ്‌ക്കും മുംബയ്‌ക്കും പകരം തിരുവനന്തപുരത്തും ചെന്നൈയിലുമായി മത്സരം നടത്താമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇങ്ങനെ ഒരു നിർദ്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ദേവ്‌ജിത്ത് സൈകിയ പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തതിന് പിന്നലെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.സി.ബി രംഗത്തെത്തിയത്.

അനായാസം ആർ.സി.ബി

മുംബയ്: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർ.സി.ബി 9 വിക്കറ്റിന് യു.പി വാരിയേഴ്‌സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത യു.പി വാരിയേഴ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 143 റൺസെടുത്തു. മറുപടിക്കിറങ്ങിയ ആർ.സി.ബി ഓപ്പണർമാരായ ഗ്രേസ് ഹാരീസിന്റെയും (40 പന്തിൽ 85), സ്‌മൃതി മന്ഥനയുടേയും (പുറത്താകാതെ 32 പന്തിൽ 47) ബാറ്റിംഗിന്റെ പിൻബലത്തിൽ 12.1 ഓവറിൽ അനായാസം വിജയ ലക്ഷ്യത്തിലെത്തി (145/1). റിച്ച ഘോഷ 4 റൺസുമായി ക്യാപ്ടൻ സ്‌മൃതിക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തേ ഒരു ഘട്ടത്തിൽ 50/5 എന്ന നിലയിൽ തകർന്ന യു.പിയെ ദീപ്‌തി ശർമ്മയും (പുറത്താകാതെ 35 പന്തിൽ 45)​,​ ദിയേന്ദ്ര ഡോട്ടിനും (പുറത്താകാതെ 37 പന്തിൽ 40)​ ചേർന്നാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ 72 പന്തിൽ 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആർ.സി.ബിക്കായി ശ്രേയങ്ക പാട്ടിലും നദീൻ ഡി ക്ലർക്കും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്ന്

മുംബയ്- ഗുജറാത്ത്

(രാത്രി 7.30 മുതൽ)​