സുന്ദർ ഔട്ട്, ബധോനി ഇൻ
രാജ്കോട്ട്: റിഷഭ് പന്തിന് പിന്നാലെ സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരിക്കേറ്റ് ന്യൂസിലാൻഡിന് എതിരായ ഏകദിന പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി.
സുന്ദറിന് പകരം ഡൽഹി താരം ആയുഷ് ബധോനിയെ ടീമിൽ ഉൾപ്പെടുത്തി. ബധോനിയ്‌ക്ക് ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത്.
ഇന്ത്യ ജയിച്ച ഒന്നാം ഏകദിനത്തിൽ സുന്ദർ കളിച്ചിരുന്നു. വശങ്ങളിലെ പേശിവലിവിനെ തുടർന്നാണ് സുന്ദറിനെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നതെന്ന് ബി.സി.സി.ഐ യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ട്വൻ്റി-20 പരമ്പരയിൽ സുന്ദറിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ട്വൻ്റി20 ലോകകപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ സുന്ദറിൻ്റെ പരിക്ക് ഇന്ത്യൻ ടീം മാനേജ്മെൻ്റിിലും ആരാധകരിലും ആശങ്കയുണ്ടാക്കി.
ഏകദിന ടീമിൽ നിന്ന് പരിക്ക് കാരണം ഒഴിവാക്കിയ രണ്ടാമത്തെ താരമാണ് സുന്ദർ. നേരത്തേ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പരമ്പര നഷ്ടമായിരുന്നു. വഡോദര വേദിയായ ആദ്യ ഏകദിനത്തിൽ ഇന്ത്യ 4 വികറ്റിന് ജയിച്ചിരുന്നു. നാളെ രാജ് കോട്ടിലാണ് പരമ്പരയിലെ രണ്ടാ മത്സരം.