സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട്; 14.93 കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയിൽ നിന്ന് 14.93 കോടി രൂപ ബോർഡിലെ ജീവനക്കാരൻ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2013 മുതൽ 2020 വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ക്ഷേമനിധി ബോർഡിലെ ക്ളർക്കായ സംഗീതാണ് കോടികൾ തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുക ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ സംഗീതിന്റെയും ബന്ധുവിന്റെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. വാർഷിക ഓഡിറ്റിൽ പിടിക്കപ്പെടാതിരിക്കാൻ സംഗീത് വ്യാജ രേഖകൾ ചമച്ചെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ലോട്ടറി ഏജന്റുമാർ അവരുടെ മാസവിഹിതം ക്ഷേമനിധി ബോർഡിൽ അടയ്ക്കുന്നുണ്ട്. ഇതിൽ നിന്നടക്കമാണ് ജീവനക്കാരൻ തുക തട്ടിയെടുത്തത്.