'അവനൊപ്പം'; രാഹുൽ  മാങ്കൂട്ടത്തിലിനെതിരെ  ഉയർന്ന  പരാതികളിൽ   സംശയമുണ്ടെന്ന് കോൺഗ്രസ് വനിതാ നേതാവ്

Tuesday 13 January 2026 9:13 AM IST

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതന്റെ ഭാഗം കൂടി കേൾക്കണമെന്നും താൻ അവനൊപ്പമാണെന്നും ശ്രീനാദേവി വ്യക്തമാക്കി. ഫേസ്‌‌ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളിൽ പലയിടത്തും സംശയമുണ്ട്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ പീഡനത്തിനുശേഷം പ്രതി ചെരിപ്പ് വാങ്ങി നൽകി, ഫ്ളാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ?

സ്ത്രീകൾ കുടുംബ ബന്ധത്തിന് കൂടുതൽ പ്രാധാന്യം നൽകണം. വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന്റെ വില കൽപ്പിക്കണം. രാഹുൽ കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെ. മാദ്ധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോയെന്ന് പരിശോധിക്കണം. കുടുംബം ഒരാൾക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാൽ രണ്ടുപേർക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പൊലീസ് അറസ്റ്റ് ചെയ്തത്. സത്യം പുറത്തുവരുന്നതുവരെ രാഹുൽ ക്രൂശിക്കപ്പെടരുത്'- ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി.

വിവാഹിതയായ കോട്ടയം സ്വദേശിയായ 31കാരി കാനഡയിൽ നിന്ന് ഇ-മെയിലിലൂടെ നൽകിയ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായത്. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ടു പീഡനക്കേസുകളിൽ പൊലീസിന്റെ കസ്റ്റഡിയിലാവാതെ നിയമത്തിന്റെ പഴുതിലൂടെ വഴുതി മാറിയ രാഹുൽ മൂന്നാംകേസിൽ അകത്താവുകയായിരുന്നു.