സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; കേസിൽ അത്യപൂർവനടപടിയുമായി എസ്ഐടി

Tuesday 13 January 2026 10:46 AM IST

മാവേലിക്കര: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ അത്യപൂർവനടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അറസ്റ്റ് മെമ്മോയിലും ഇൻസ്‌പെക്ഷൻ മെമ്മോയിലും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് രാഹുൽ നിസഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുൽ ഒപ്പിടാൻ വഴങ്ങാത്തതിനെ തുടർന്നാണ് നടപടി.

ഞായറാഴ്ച രാവിലെ 7.30ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് അറസ്റ്റ്. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കളെ അറിയിച്ചുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു.

അതേസമയം, രാഹുലിനെ വെെദ്യപരിശോധനയ്ക്കായി മാവേലിക്കര സബ്ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചു. വെെദ്യപരിശോധനയ്ക്ക് ശേഷം തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷയിൽ വിധി പറയും.

രാഹുലിനെ ഏഴുദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. 2019 മുതൽ കാനഡയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. പരാതിക്കാരി ലെെംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബെെൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.