രണ്ടില പിളർപ്പിലേക്കോ? ഇടതുബന്ധം പിരിയണമെന്നും തുടരണമെന്നും അഭിപ്രായം

Tuesday 13 January 2026 10:47 AM IST

തിരുവനന്തപുരം: മുന്നണി മാറ്റ ചർച്ചകൾക്കിടയിൽ കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ജോസ് കെ മാണി വിഭാഗം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയത്.

യുഡിഎഫിലേക്ക് തിരികെ വരാൻ എഐസിസി അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ജോസ് കെ മാണിയെ വിളിച്ച് അഭ്യർത്ഥിച്ചതായാണ് വിവരം. പാലാ ഉൾപ്പെടെയുള്ള തങ്ങളുടെ പഴയ സീറ്റുകൾ തിരികെ വേണമെന്ന ഉപാധി ജോസ് കെ മാണി മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ട്. പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റുകൾ നൽകുന്നതടക്കമുള്ള വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയ്യാറായേക്കും.

മുന്നണി മാറ്റ വാർത്തകൾ ശക്തമായ പശ്ചാത്തലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങൾ ഇടതുപക്ഷത്ത് തന്നെ തുടരുമെന്ന് ഇരുവരും ഫേസ്ബുക്കിൽ പറഞ്ഞു. ഇടതുപക്ഷ നേതാക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം 'തുടരും' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്. ഇത് പാർട്ടിയിലെ ഒരു വിഭാഗത്തിന് മുന്നണി മാറ്റത്തോടുള്ള കടുത്ത വിയോജിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സമാനമായ രീതിയിൽ മുന്നണി മാറ്റ ചർച്ചകൾ ഉയർന്നപ്പോൾ ജോസ് കെ മാണി അവ തള്ളിക്കളഞ്ഞിരുന്നു. 'ഏതെങ്കിലും പരാജയമോ ഉയർച്ചയോ വരുമ്പോൾ പെട്ടെന്ന് മാറുന്നതല്ല രാഷ്ട്രീയം. എൽ.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്, അവിടെത്തന്നെ ഉറച്ചുനിൽക്കും' എന്നായിരുന്നു അന്ന് അദ്ദേഹം നൽകിയ വിശദീകരണം.

അതേസമയം മാദ്ധ്യമങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. 'ഈ അഭ്യൂഹങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ജോസ് കെ. മാണിയുടെ നിലപാട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. യോഗങ്ങളിൽ എംഎൽഎമാർ പങ്കെടുക്കുന്നുണ്ട്. വരാൻ കഴിയാത്ത സാഹചര്യം അദ്ദേഹം വിശദീകരിച്ചിട്ടും എന്തിനാണ് വീണ്ടും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്?' റോഷി അഗസ്റ്റിൻ ചോദിക്കുന്നു.

നേതൃത്വത്തിനിടയിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും, എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് ഒരു വിഭാഗം ആവർത്തിക്കുന്നത് കേരള കോൺഗ്രസിനുള്ളിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് വിവരം.