രണ്ട് ദിവസത്തിനുള്ളിൽ ഗൾഫ് രാജ്യം ആകെ മാറും; പ്രവാസികൾക്ക് അനുഭവിച്ചറിയാം, മുൻകരുതൽ സ്വീകരിക്കണം
ദുബായ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ വളരെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. അതിനാൽത്തന്നെ രാജ്യത്തിലുടനീളമുള്ള താമസക്കാർ കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ചിലർ രാത്രികാലങ്ങളിൽപോലും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുന്നത്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം, രണ്ട് ദിവസത്തിനുള്ളിൽ രാജ്യം മുഴുവനുമുള്ള താപനില ഏഴ് മുതൽ എട്ട് ഡിഗ്രി വരെ കുറയാൻ സാദ്ധ്യതയുണ്ട്. ഇതോടെ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായിരിക്കും ഇനി അനുഭവപ്പെടാൻ പോകുന്നത്. വടക്ക് നിന്ന് വരുന്ന തണുത്ത വായുവിന്റെ സ്വാധീനഫലത്താലാണ് താപനില കുറയുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ജനുവരി 15 മുതൽ ഈ തണുത്ത വായു രാജ്യത്തെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൽഫലമായി താപനില ക്രമേണ കുറയും. ആദ്യം രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും പിന്നീട് മറ്റ് ഭാഗങ്ങളിലേക്കും തണുപ്പ് വ്യാപിക്കും.
ജനുവരി 15ന് രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി താപനില വരെ കുറയും. പിന്നീട് മറ്റ് ഭാഗങ്ങളിൽ അഞ്ച് ഡിഗ്രി വരെ കുറയും. പർവത പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും മുൻകരുതൽ സ്വീകരിക്കണെമന്ന് നിർദേശമുണ്ട്. ഈ പ്രദേശത്ത് താപനില പത്ത് ഡിഗ്രിയിൽ താഴെയാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശത്ത് മിതമായ കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും സാധാരണ സമയത്തെ അപേക്ഷിച്ച് തണുപ്പുണ്ടാകും. തീരദേശത്ത് 20 മുതൽ 22 ഡിഗ്രി വരെയാകും താപനില. അതേസമയം, ഉൾപ്രദേശങ്ങളിൽ 22 മുതൽ 24 ഡിഗ്രി വരെ താപനില അനുഭവപ്പെടാം.