റെക്കാർഡിന് തൊട്ടരികെ വൈഭവ്; മറികടക്കേണ്ടത് ആ ഓസീസ് ഇതിഹാസങ്ങളുടെ സ്കോർ

Tuesday 13 January 2026 11:41 AM IST

മുംബയ്: ചരിത്ര നേട്ടം കൈപ്പിടിയിലൊതുക്കി വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവൻശി. ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരം എന്ന ലോക റെക്കാർഡാണ് താരത്തെ കാത്തിരിക്കുന്നത്. ഈ നാഴികക്കല്ലിലെത്താൻ വൈഭവിന് ഇനി വേണ്ടത് വെറും 299 റൺസ് മാത്രമാണ്. നിലവിൽ 18 ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 701 റൺസാണ് താരത്തിന്റെ സമ്പാദ്യം. 204.37 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന വൈഭവ് ഇതിനോടകം 62 സിക്സറുകളും 53 ഫോറുകളും പറത്തിക്കഴിഞ്ഞു. കരിയറിൽ മൂന്ന് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയുമാണ് വൈഭവിന്റെ പേരിലുള്ളത്.

അടുത്ത അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 299 റൺസ് കൂടി കണ്ടെത്താനായാൽ ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരമെന്ന ലോകറെക്കോർഡ് വൈഭവിന് സ്വന്തമാകും. നിലവിൽ 23 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയൻ താരങ്ങളായ ബ്രാഡ് ഹോഡ്ജ്, ഷോൺ മാർഷ് എന്നിവരുടെ പേരിലാണ് ഈ റെക്കോർഡ്.

അടുത്ത നാല് ഇന്നിംഗ്സുകൾക്കുള്ളിൽ ഈ ലക്ഷ്യം മറികടന്നാൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം വൈഭവിനെ തേടിയെത്തും. 24 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് തികച്ച മാത്യു ഹെയ്ഡൻ, സബാവൂൺ ഡാവിസി എന്നിവരാണ് പട്ടികയിൽ രണ്ടാമതുള്ളത്. ഇന്ത്യയിൽ നിലവിൽ ദേവ്ദത്ത് പടിക്കലാണ് (25 ഇന്നിംഗ്സ്) മുന്നിൽ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഈ റെക്കാർഡ് തിരുത്തിക്കുറിക്കാൻ കൗമാര താരത്തിന് സാധിക്കും.

രാജസ്ഥാൻ റോയൽസ് താരമായ സൂര്യവൻശി, 2025 ഐപിഎൽ മെഗാ ലേലത്തിലൂടെയാണ് ടീമിലെത്തിയത്. കഴിഞ്ഞ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടി താരം വരവറിയിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കാർഡും ഈ ബീഹാർ സ്വദേശിയുടെ പേരിലാണ്. വരാനിരിക്കുന്ന ഐസിസി അണ്ടർ-19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കുന്തമുനയായിരിക്കും സൂര്യവൻശി. ആയുഷ് മഹാത്രെയുടെ ക്യാപ്ടൻസിയിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ ഓപ്പണർ എന്ന നിലയിൽ വൈഭവിന് വലിയ ഉത്തരവാദിത്തമാണുള്ളത്.