താഴേയ്ക്കില്ല,​ ഇന്നും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം

Tuesday 13 January 2026 11:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻവർദ്ധനവ്. ഇന്ന് പവന് 280 രൂപ വർദ്ധിച്ച് 1,04,520 രൂപയായി. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 13,065 രൂപയായി. കഴിഞ്ഞ ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡ് ഇന്ന് മറികടന്നു.

ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെ പവന് 1,240 രൂപ കൂടി 1,04,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. വെള്ളിയിൽ അ‌ഞ്ച് രൂപ വർദ്ധിച്ച് ഗ്രാമിന് 292 രൂപയിലെത്തി.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെയാണ് സ്വർണവിലയിൽ വൻവർദ്ധനവുണ്ടായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (31.1ഗ്രാം) 4,509 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങികൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഗ്രീൻലാൻഡ് അധിനിവേശത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതും വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവർദ്ധനവാണുണ്ടായത്. അഞ്ച് രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 292 രൂപയും കിലോഗ്രാമിന് 2,​92,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.