'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം കേരളം എന്നാക്കണമെന്ന് ബിജെപി. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതും കത്തില്‍ സൂചിപ്പിക്കുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തുനല്‍കിയതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
പൈതൃകവും സംസ്‌കാരവും പ്രതിനിധീകരിക്കുന്ന മഹത്തായ സംസ്ഥാനത്തെ 'കേരളം' എന്ന രീതിയിലാണ് ബിജെപി എപ്പോഴും കാണുന്നത്. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രത്യാശയും രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രകടിപ്പിച്ചു.
എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വികസിതവും സുരക്ഷിതവുമായ കേരളം സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ വിഭജിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജില്ലകള്‍ വേണമെന്ന ആവശ്യമുയര്‍ത്തുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ തടയിടാനും ഇതുവഴി സഹായിക്കും. മലയാള തനിമയുള്ള കേരളം എന്ന പേര് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ അഭ്യര്‍ത്ഥിച്ചു.