റോഡ് നിർമ്മാണത്തിലെ അനാസ്ഥയിൽ കേരളം വലയുമ്പോൾ മാതൃകയായി അന്യസംസ്ഥാനം; കുഴിയടയ്ക്കാൻ ഇനി 'റോഡ് ഡോക്ടർ'

Tuesday 13 January 2026 12:43 PM IST

അമരാവതി: റോഡുകളിലെ കുഴികളും അശാസ്ത്രീയ നിർമ്മാണവും നിത്യേന അപകടങ്ങൾ ക്ഷണിച്ചുവരുത്തുമ്പോഴും അധികൃതർ മെല്ലെപ്പോക്ക് തുടരുന്ന കാഴ്ചയാണ് കേരളത്തിലുടനീളം നാം പലപ്പോഴു കാണാറുള്ളത്. ഓരോ അപകടത്തിന് ശേഷവും റോഡിലെ പാളിച്ചകൾ ചർച്ചയാകുമെങ്കിലും വർഷങ്ങളായി തകർന്നു കിടക്കുന്ന പല പാതകളും ഇന്നും കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ ദുരിതമായി തുടരുകയാണ്. കേരളം പരിഹാരം കാണാതെ വലയുമ്പോഴാണ് പുത്തൻ സാങ്കേതികവിദ്യയുമായി ആന്ധ്രാപ്രദേശ് മാതൃകയാവുന്നത്

'റോഡ് ഡോക്ടർ' എന്നാണ് ഈ സാങ്കേതികവിദ്യയെ വിളിക്കുന്നത്. യാത്രാതടസമില്ലാതെ അതിവേഗത്തിൽ റോഡുകൾ നന്നാക്കാൻ കഴിയുമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. റോഡിലെ കുഴികൾ കണ്ടെത്തി അവ ഉടനടി പരിഹരിക്കാൻ രൂപകൽപ്പന ചെയ്ത് സഞ്ചരിക്കുന്ന യന്ത്ര സംവിധാനമാണിത്. ഏകദേശം 1.5 കോടി രൂപ ചിലവഴിച്ചാണ് ഓരോ മെഷീനും അധികൃതർ വാങ്ങിയത്. നിലവിൽ കാക്കിനാഡ, ഗുണ്ടൂർ, തിരുപ്പതി തുടങ്ങിയ ജില്ലകളിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേൽനോട്ടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.

റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനം കുഴികൾ കണ്ടെത്തിയാൽ ഉടൻ തന്നെ അവ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങും. കുഴിയടയ്ക്കാൻ ആവശ്യമായ ടാർ യന്ത്രത്തിനുള്ളിൽ തന്നെ തയ്യാറാക്കും. കുഴിയിൽ ടാർ നിറച്ച ശേഷം റോഡ് കൃത്യമായി നിരപ്പാക്കി മാറ്റുന്നു. ഈ പ്രവർത്തനങ്ങളെല്ലാം ഒരേ സ്ഥലത്ത് വച്ച് തന്നെ വളരെ വേഗത്തിലാണ് പൂർത്തിയാക്കുന്നത്. സാധാരണ രീതിയിലുള്ള അറ്റകുറ്റപ്പണികളെ അപേക്ഷിച്ച് ഗതാഗത തടസം വളരെ കുറവാണെന്നത് ഇതിന്റെ വലിയ മെച്ചമാണ്.

റോഡ് ഡോക്ടർ മെഷീന്റെ പ്രവർത്തന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നികുതിപ്പണത്തിന്റെ ഏറ്റവും മികച്ച വിനിയോഗമാണിതെന്നും പലരും അഭിപ്രായപ്പെട്ടു. ആന്ധ്രയിലെ ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ രാജ്യത്തുടനീളം ഇത്തരം യന്ത്രങ്ങൾ ആവശ്യമാണ് പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. രാജ്യത്തെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷക്കണക്കിന് 'റോഡ് ഡോക്ടർമാർ' ഇന്ത്യയ്ക്ക് ആവശ്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. മാനുഷിക പ്രയത്നം കുറവാണെന്നതിനൊപ്പം കൃത്യതയും വേഗതയും ഉറപ്പാക്കുന്ന സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.