ഇങ്ങനെയുമുണ്ടോ ദേഷ്യം; വിവാഹവേദിയിൽ കേക്ക് വലിച്ചെറിഞ്ഞ് വരൻ, കരഞ്ഞുകൊണ്ട് മടങ്ങി വധു

Tuesday 13 January 2026 1:32 PM IST

ഇസ്താംബുൾ: കേക്ക് മുറിക്കുന്നതിനു മുമ്പ് വരൻ കേക്ക് രുചിച്ചത് ഇഷ്ടപ്പെടാതെ ചോദ്യം ചെയ്ത് വധു. പ്രകോപിതനായി കേക്ക് വലിച്ചെറിഞ്ഞ് വരൻ. തുർക്കിയിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് അതിഥികളെയും ഫോട്ടോഗ്രാഫർമാരെയും ഞെട്ടിച്ച് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതിഥികൾക്കൊപ്പം നിൽക്കുകയായിരുന്നു ദമ്പതികൾ. കേക്കിന് മുകളിൽ ഐസിംഗ് പുരട്ടുന്നതിനിടെ വരൻ തന്റെ വിരൽ കൊണ്ട് അല്പം എടുത്ത് രുചിച്ചു നോക്കുകകയായിരുന്നു. ഈ പ്രവൃത്തി വധുവിനെ ചൊടിപ്പിച്ചു. വധു ഇതിനെ ചോദ്യം ചെയ്‌തോടെ തർക്കം രൂക്ഷമാവുകയും പ്രകോപിതനായ വരൻ കേക്ക് വലിച്ചെറിയുകയുമായിരുന്നു.

ഇതോടെ വധു കരഞ്ഞുകൊണ്ട് വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി. വിവാഹത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ പകർത്തിക്കൊണ്ടിരുന്ന അതിഥികളുൾപ്പടെയുള്ളവർ എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചു. നിരവധി പേരാണ് ദമ്പതികളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. വിവാഹദിവസം തന്നെ ഇത്രയും വലിയ ദേഷ്യവും തർക്കവും പ്രകടിപ്പിക്കുന്ന ഇവർക്ക് എങ്ങനെ ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുൻപേ വധു വേദി വിട്ടുപോയതോടെ വിവാഹം പാതിവഴിയിൽ മുടങ്ങുകയും ചെയ്തു.