20 വർഷം നീണ്ട ലൈംഗിക പീഡനം, ക്ലാസ് മുറിയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി, സ്‌കൂൾ അദ്ധ്യാപകനായ സിപിഎം നേതാവിനെതിരെ കേസ്
കാസർകോട്: നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗിമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. ഇച്ചിലംപാടി സ്‌കൂളിലെ അദ്ധ്യാപകൻ കൂടിയായ എൻമകജെ പഞ്ചായത്ത് അംഗം എസ് സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. ഇയാൾ കുമ്പളയിലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ്.
ഒരാഴ്ച മുൻപാണ് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും വീട്ടമ്മ പരാതി നൽകിയത്. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ഉൾപ്പടെ പ്രതിഷേധം നടത്തിയിരുന്നു. ആരോപണങ്ങളെ തുടർന്ന് സുധാകരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇയാൾക്കെതിരെ മൂന്നംഗ സമിതിയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്.
ഗുരുതര ലൈംഗിക ആരോപണങ്ങളാണ് സുധാകരനെതിരെ പരാതിക്കാരി നടത്തിയിട്ടുള്ളത്. ഇരുപത് വർഷത്തോളം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേർപെടുത്തിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. 1995 മുതൽ പീഡനം അനുഭവിക്കുകയാണെന്നും വിവാഹവാഗ്ദാനം നൽകിയായിരുന്നു ആദ്യകാലങ്ങളിൽ പീഡനം നടത്തിയതെന്നും വീട്ടമ്മ ആരോപിക്കുന്നു. സ്‌കൂളിലെ ക്ലാസ് മുറിയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി പരാതിക്കാരിക്ക് അയച്ചു. മറ്റൊരാളെ വിവാഹം കഴിച്ചതിന് ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നും വീട്ടമ്മ വെളിപ്പെടുത്തി. പ്ലസ്‌ടു വിദ്യാർത്ഥികളെ വരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ജബ്ബാർ വധക്കേസിൽ പ്രതിയായ സുധാകരനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മേൽക്കോടതി വിട്ടയച്ചത്. ഇതോടെ ഇയാൾ ജയിൽ മോചിതനാവുകയായിരുന്നു.