'ആർത്തി മനുഷ്യനെ വഷളാക്കും, അതാണ് ഐഷാ പോറ്റി കാണിച്ചിരിക്കുന്നത്'; പ്രതികരിച്ച് മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളിൽ ആർത്തിമൂത്താണ് ഐഷാ പോറ്റി കോൺഗ്രസിലേക്ക് പോയതെന്നും അത് മനുഷ്യനെ വഷളാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
'ഐഷാ പോറ്റിക്ക് പാർട്ടി വിട്ടുപോകാനുള്ള ഒരു സാഹചര്യവുമില്ല. മൂന്ന് തവണ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാനാണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുന്നത്. അവർ എപ്പോഴാണ് എല്ലാ മനുഷ്യർക്കും ഒപ്പം നിന്നിട്ടുള്ളത്. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും. അതാണ് ഐഷാ പോറ്റി കാണിച്ചിരിക്കുന്നത്. ഐഷാ പോറ്റി വർഗവഞ്ചനയാണ് ചെയ്‌തത്. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകും'.- മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തലസ്ഥാനത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരപ്പന്തലിലെത്തിയാണ് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷാ കോൺഗ്രസിൽ ചേർന്നത്. കുറച്ച് കാലങ്ങളായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു ഐഷാ പോറ്റി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു നേരത്തെ അറിയിച്ചത്. ദീർഘകാലം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയംഗമായിരുന്നു. ആർ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചുകൊണ്ടാണ് ആദ്യം നിയമസഭയിലെത്തിയത്. കൊട്ടാരക്കരയിൽ നിന്ന് മൂന്നുതവണ എംഎൽഎയായി.
വിമർശനങ്ങളെ ഭയക്കുന്നില്ലെന്ന് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഐഷാ പ്രതികരിച്ചു. 'നാട്ടിലെ സഖാക്കളെ ഇപ്പോഴും വലിയ ഇഷ്ടമാണ്. കുറച്ച് ഡിസിഷൻ മേക്കേഴ്‌സ് മാത്രമാണ് പ്രയാസമാക്കി മാറ്റിയത്. ആദ്യം വിശ്വസിച്ച പ്രസ്ഥാനം ഒരുപാട് സഹായിച്ചു, എന്നാൽ നല്ല വിഷമം തരികയും ചെയ്തു. എന്നെ ഇത്രത്തോളമാക്കിയത് എന്റെ നാടാണ്. ഞാൻ അധികാരമോഹിയല്ല. ഞാൻ മനുഷ്യനൊപ്പം നിൽക്കുന്നയാളാണ്'- ഐഷാ വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്.