മുറ്റത്തെ കുറച്ച് സ്ഥലം മതി; ഒന്നര വർഷം കൊണ്ട് കെെനിറയെ സമ്പാദിക്കാം
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പാഷൻ ഫ്രൂട്ട്. വിറ്റാമിൻ സി, ഫെെബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പണ്ട് മിക്ക വീടുകളിലും പാഷൻ ഫ്രൂട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ന് വളരെ കുറവാണ്. അതിനാൽ തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്. പാഷൻ ഫ്രൂട്ട് കൃഷി നല്ല ലാഭം തരുമെന്നത് ഉറപ്പാണ്.
ചെറിയ സ്ഥലത്ത് കുടുതൽ വിളവും വരുമാനവും തരുന്ന കൃഷിയാണിത്. വിത്തുകൾ മുളപ്പിച്ചും വള്ളികൾ മുറിച്ച് നട്ടും തെെകൾ ഉത്പാദിപ്പിക്കാം. മൂപ്പ് എത്തിയ വള്ളിക്കഷണങ്ങൾ ഏകദേശം 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. ഇത്തരത്തിൽ മുറിച്ചെടുക്കുന്ന ഓരോ തണ്ടിലും അഞ്ച് ഇലകളെങ്കിലും വേണം.
മൂന്ന് മീറ്റർ അകലത്തിൽ അര മീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ മേൽമണ്ണും കമ്പോസ്റ്റും ചേർത്ത് ഇളക്കി വേണം തെെ നടാൻ. വർഷം തോറും രണ്ടുതവണകളായി വളപ്രയോഗവുമുണ്ട്. എട്ട് കിലോഗ്രാം വരെ കായ്കളാണ് ഒരു വള്ളിയിൽ നിന്ന് ലഭിക്കുക. വിരിഞ്ഞ പൂക്കൾ കായ്കളാകാൻ മൂന്ന് മാസമാണ് പരമാവധി എടുക്കുക. ഒന്നരവർഷത്തിന് ശേഷം നല്ല വിളവ് ലഭിക്കും. വയലറ്റ്, മഞ്ഞ നിറങ്ങളാണ് കൂടുതലും കേരളത്തിൽ കൃഷി ചെയ്യുന്നത്. കീടരോഗ സാദ്ധ്യത വളരെ കുറവാണ്. അതിനാൽ തന്നെ പരിചരണവും എളുപ്പമാണ്.