സ്‌കൂളുകളിൽ ഇനി ഫോൺ വേണ്ട; വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തി സർക്കാർ
ന്യൂജേഴ്സി: വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. സ്‌കൂൾ സമയങ്ങളിൽ ഫോണും മറ്റ് സ്മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ അമേരിക്കയിൽ ഫോൺ നിരോധനം ഏർപ്പെടുത്തുന്ന 27ാമത്തെ സംസ്ഥാനമായി ന്യൂജേഴ്സി മാറി.
പബ്ലിക് സ്‌കൂളുകളിലെ 13ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് നിരോധനം ബാധകമാകും. സ്കൂൾ സമയം, ബസുകൾ, സ്‌കൂൾ സംഘടിപ്പിക്കുന്ന പരിപാടികൾ എന്നിവടങ്ങളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും, സ്‌ക്രീൻ ഉപയോഗം കുറയ്ക്കാനും, കുട്ടികൾക്കിടയിലെ സാമൂഹിക ഇടപെടലുകൾ വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സ്‌കൂൾ സമയത്ത് ശരാശരി ഒന്നര മണിക്കൂറോളം കുട്ടികൾ ഫോണിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. നേരത്തെയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം കുട്ടികളിൽ വിഷാദരോഗം (30%), അമിതവണ്ണം (40%), ഉറക്കക്കുറവ് (60%) എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് 'അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്' അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2023ൽ ഫ്‌ളോറിഡയാണ് നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത്. പിന്നാലെ ന്യൂയോർക്ക്, ടെക്സസ്, വിർജീനിയ, ഒഹിയോ തുടങ്ങി 26 സംസ്ഥാനങ്ങൾ ഇത് പിന്തുടർന്നു. ന്യൂയോർക്കിൽ സ്‌കൂൾ തുടങ്ങുന്നത് മുതൽ കഴിയുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫോൺ കൈവശം വയ്ക്കാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ, ഫോൺ മാറ്റിവച്ചതോടെ കുട്ടികൾ കൂടുതൽ സന്തോഷവാന്മാരാണെന്നും പരസ്പരം സംസാരിക്കാനും ചിരിക്കാനും സമയം കണ്ടെത്തുന്നുണ്ടെന്നും അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.