ഫിക്സഡ് ഡിപ്പോസിറ്റിൽ പ്രിയം കുറയുന്നുവോ തവണവ്യവസ്ഥകളിലൂടെ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാം
കൊച്ചി: തവണവ്യവസ്ഥകളിലൂടെ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള സിസ്‌റ്റമാറ്രിക് ഇൻവെസ്‌റ്ര് പ്ളാനുകൾക്ക് (എസ്.ഐ.പി) വൻ പ്രിയം. നടപ്പു സാമ്പത്തിക വർഷം (2019-20) ഏപ്രിൽ-സെപ്‌തംബർ കാലയളവിൽ എസ്.ഐ.പി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുകിയത് 49,361 കോടി രൂപയാണ്. 2018-19ന്റെ ആദ്യ പകുതിയിൽ ലഭിച്ച 44,487 കോടി രൂപയെ അപേക്ഷിച്ച് 11 ശതമാനമാണ് വർദ്ധന.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും മൂലധന (ഓഹരി - കടപ്പത്രം) വിപണിയും നേരിടുന്ന തളർച്ചയുടെ ആഘാതം കുറയ്‌ക്കാനാകുന്ന വിധം വലിയ ആശ്വാസമാണ് മ്യൂച്വൽഫണ്ടുകളിലേക്കുള്ള ഈ എസ്.ഐ.പി പണമൊഴുക്ക് നൽകുന്നതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട് ഇൻ ഇന്ത്യ (ആംഫി) അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 മാസങ്ങളിൽ ശരാശരി 8,000 കോടി രൂപ എസ്.ഐ.പി മുഖേന മ്യൂച്വൽഫണ്ടുകളിലേക്ക് എത്തി.
ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർ മ്യൂച്വൽഫണ്ടുകളെ സ്വീകരിച്ച് തുടങ്ങിയെന്ന ട്രെൻഡ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൃശ്യമാണ്. 2018-19ൽ 92,693 കോടി രൂപയാണ് എസ്.ഐ.പി വഴി മ്യൂച്വൽഫണ്ടുകൾ നേടിയത്. 2017-18ൽ 67,190 കോടി രൂപയും 2016-17ൽ 43,921 കോടി രൂപയുമായിരുന്നു നിക്ഷേപം. മ്യൂച്വൽഫണ്ട് സ്‌കീമുകളിൽ മുടങ്ങാതെ നിക്ഷേപിക്കുന്ന 2.84 കോടി എസ്.ഐ.പി അക്കൗണ്ടുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.
നടപ്പുവർഷം സെപ്‌തംബർ വരെ കാലയളവിൽ പ്രതിമാസം 9.29 ലക്ഷം പേർ പുതുതായി എസ്.ഐ.പി അക്കൗണ്ടെടുത്തു. ഇവരിൽ നിന്ന് ശരാശരി ലഭിച്ച പ്രതിമാസ നിക്ഷേപം 2,900 രൂപവീതമാണ്. 44 അംഗീകൃത മ്യൂച്വൽഫണ്ട് സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവർ കൈകാര്യം ചെയ്യുന്ന നിക്ഷേപം (എ.യു.എം - അസറ്ര് അണ്ടർ മാനേജ്‌മെന്റ്) നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ 25.68 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ-സെപ്‌തംബറിൽ ഇത് 24.31 ലക്ഷം കോടി രൂപയായിരുന്നു.
₹500
പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം തുടങ്ങിയ തവണവ്യവസ്ഥകളിലൂടെ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന മാർഗമാണ് എസ്.ഐ.പി. പ്രതിമാസം നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപ.
₹8,000 കോടി
കഴിഞ്ഞ 12 മാസങ്ങളിൽ ശരാശരി 8,000 കോടി രൂപ വീതം എസ്.ഐ.പികളിലൂടെ മ്യൂച്വൽഫണ്ടുകളിലേക്ക് എത്തി.
നിക്ഷേപക്കുതിപ്പ്
(ഓരോ വർഷവും സെപ്‌തംബറിൽ ലഭിച്ച നിക്ഷേപം)
- 2016-17 : ₹3,368 കോടി
- 2017-18 : ₹5,516 കോടി
- 2018-19 : ₹7,727 കോടി
- 2019-20 : ₹8,263 കോടി
₹25.68 ലക്ഷം കോടി
ഇന്ത്യൻ മ്യൂച്വൽഫണ്ട് വിപണിയുടെ മൊത്തം നിക്ഷേപകമൂല്യം 25.68 ലക്ഷം കോടി രൂപയാണ്.
നാഴികക്കല്ല്
2009 സെപ്‌തംബറിൽ ഇന്ത്യൻ മ്യൂച്വൽഫണ്ട് നിക്ഷേപകമൂല്യം (എ.യു.എം) 6.28 ലക്ഷം കോടി രൂപയായിരുന്നു.
2014 മേയിൽ എ.യു.എം ആദ്യമായി 10 ലക്ഷം കോടി രൂപ കവിഞ്ഞു.
തുടർന്ന് 20 ലക്ഷം കോടി രൂപയിലേക്ക് എത്താൻ വേണ്ടിവന്നത് മൂന്നുവർഷങ്ങൾ മാത്രം.
റിട്ടേൺ എങ്ങനെ?
ആംഫിയുടെ റിപ്പോർട്ട് പ്രകാരം ഒരുവർഷ പദ്ധതിയിൽ ശരാശരി 25 ശതമാനം ലാഭം (റിട്ടേൺ) മ്യൂച്വൽഫണ്ടുകൾ നൽകുന്നുണ്ട്.
കേരളത്തിന്റെ പങ്ക്
₹30,000 കോടി
2019-20 ഏപ്രിൽ-ജൂൺ വരെയുള്ള കണക്കുപ്രകാരം ഇന്ത്യൻ മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ 30,000 കോടി രൂപ കേരളത്തിൽ നിന്നാണ്.
42%
ഇന്ത്യൻ മ്യൂച്വൽഫണ്ട് മൂല്യത്തിന്റെ 42 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്‌ട്രയാണ്. ന്യൂഡൽഹി, കർണാടക, ഗുജറാത്ത്, ബംഗാൾ എന്നിവയാണ് യഥാക്രമം തൊട്ടു പിന്നാലെയുള്ളത്.