രാഹുലിന് നേരെ തുരുതുരാ ചീമുട്ടകൾ; കോടതിയിൽ ഹാജരാക്കിയത് ഏറെ പണിപ്പെട്ട്
തിരുവല്ല: പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്. രാഹുലിനെ തിരുവല്ല ജെ എഫ് സി എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനായി മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. പ്രധിഷേധിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മുട്ടയെറിഞ്ഞത്.
രാഹുലിനെ കൊണ്ടുവന്ന വാഹനത്തിന് നേരെയായിരുന്നു ചീമുട്ടയേറ്. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് രാഹുലിനെ പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്‌ആടി കോടതിയിൽ സമർപ്പിച്ചത്.
കസ്റ്റഡി അപേക്ഷ പരിഗണിക്കും മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. കേസെടുത്തത് പോലും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പ്രതിഭാഗം വാദിച്ചു.
ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോദ്ധ്യപ്പെടുത്താനായില്ല. ഭരണഘടനാവകാശ ലംഘനമുണ്ടായെന്നും രാഹുലിന്റെ അഭിഭാഷകൻ വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചില്ല.
അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പൊളിറ്റിക്കലി മോട്ടിവേറ്റഡ് കേസ് എന്നാണ് പ്രതിഭാഗം ആവർത്തിച്ച് വാദിച്ചത്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു വാദം. അതേസമയം, പൊലീസ് പിടിച്ചെടുത്ത രാഹുലിന്റെ ഫോണും ലാപ്‌ടോപ്പും പരിശോധിക്കുമെന്നാണ് വിവരം.