കെപിഎം ഹോട്ടലില്‍ നിന്ന് മൊബൈല്‍ കണ്ടെടുത്തു, എത്ര ചോദിച്ചിട്ടും ഒരു കാര്യം വെളിപ്പെടുത്താതെ രാഹുല്‍
പത്തനംതിട്ട: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കണ്ടെടുത്ത് പൊലീസ്. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ലാപ്‌ടോപ് എവിടെയെന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന ഹോട്ടലിലും പാലക്കാടും എത്തിച്ച് രാഹുലിന്റെ തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. ഇന്ന് തിരുവല്ല കോടതിയില്‍ എത്തിച്ച രാഹുലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. യുവതിയില്‍ നിന്ന് പണം വാങ്ങി പാലക്കാട് രാഹുല്‍ വാങ്ങാനുദ്ദേശിച്ച ഫ്‌ളാറ്റിന്റെ ബില്‍ഡറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു.
തന്നെ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയില്‍ നല്‍കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15 ആം തീയതി വൈകിട്ട് വരെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് കെപിഎം ഹോട്ടലില്‍നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ മുരളീധരനും സംഘവും രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ 2002 എന്ന മുറിയിലാണ് മാങ്കൂട്ടത്തില്‍ കഴിഞ്ഞിരുന്നത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുറി സീല്‍ ചെയ്തിരുന്നു.