പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തലസ്ഥാനത്ത്, തിരുവനന്തപുരം വികസന രേഖ പ്രഖ്യാപിക്കും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയായിരിക്കും നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും വികസന രേഖ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. നഗരസഭാ ഭരണം പിടിച്ചെടുത്ത മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.