@ ബീച്ചിൽ ഭയന്ന് വിനോദ സഞ്ചാരികൾ വരുമോ ടൂറിസം പൊലീസ് ?

Wednesday 14 January 2026 12:27 AM IST
കോഴിക്കോട് ബീച്ച്

  • അടിസ്ഥാന സൗകര്യങ്ങളും പരിമിതം

കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവരടക്കം ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും അകലെ. ലഹരി ഉപയോഗിക്കുന്നവരുടെയും എം.ഡി.എം.എയും കഞ്ചാവും വിൽക്കുന്നവരുടെയും കേന്ദ്രമായി മാറിയ ബീച്ചിലെ സുരക്ഷയ്ക്ക് ടൂറിസം പൊലീസ് വേണമെന്ന ആവശ്യം ശക്തം. വീടുവിട്ടിറങ്ങി ബീച്ചിലെത്തിയ പെരിന്തൽമണ്ണയിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവവും കഴിഞ്ഞയാഴ്ചയുണ്ടായി. കുടുംബവുമായി ബീച്ചിലെത്താൻ വരെ ആളുകൾ മടിക്കുന്ന സാഹചര്യമുണ്ടെന്നും ആക്ഷേപമുണ്ട്. നേരം ഇരുട്ടുന്നതോടെ ബീച്ചിലെ പലയിടങ്ങളിലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ബീച്ച് പരിസരത്ത് ചിലയിടങ്ങളിൽ ലെെറ്റുകൾ കുറവാണ്. ഇത് സാമൂഹ്യ വിരുദ്ധർക്ക് അനുഗ്രഹമാവുകയാണ്. വിജനമായ നിരവധി സ്ഥലങ്ങൾ ബീച്ചിലുണ്ട്. കാടുമൂടിക്കിടക്കുന്ന ഇവിടങ്ങൾ വൃത്തിയാക്കി മതിയായ ലെെറ്റുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ബീച്ചിനെ കുടുംബ സൗഹൃദ വിനോദ കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ അധികൃതർക്ക് നിവേദനം നൽകി.

രാത്രി സമയങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുകയാണ് പോംവഴി. ജോലിത്തിരക്കുകൾക്കിടെ നിരന്തരം സുരക്ഷ ഉറപ്പാക്കാൻ പൊലീസുകാർക്കും സാദ്ധ്യമല്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ കേസെടുത്ത് അന്വേഷിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇത് പരിഹരിക്കാനാണ് ടൂറിസം പൊലീസ് വേണ്ടത്.

  • പാർക്കിംഗ് സോണില്ല; കുരുക്ക് രൂക്ഷം

വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൃത്യമായ സ്ഥലങ്ങളില്ല. കിട്ടിയ സ്ഥലത്തെല്ലാം കാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ പാർക്ക് ചെയ്യുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുന്നു. പ്രത്യേകിച്ചും വെെകുന്നേരങ്ങളിൽ. ബീച്ചിൽ റാലികളും പൊതുസമ്മേളനങ്ങളുമുള്ള ദിസവങ്ങളിൽ പറയുകയും വേണ്ട. ചരക്കുലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും കുരുക്കുണ്ടാക്കുന്നു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ബെെക്ക് റേസിംഗാണ് മറ്റൊരു പ്രശ്നം.

  • പ്രധാന ആവശ്യങ്ങൾ
  1. രാത്രികാല ശുചിത്വം ഉറപ്പാക്കണം.
  2. സി.സി.ടി.വി ക്യാമറ സ്ഥാപിക്കണം.
  3. ബൈക്ക് റേസിംഗ് നിയന്ത്രിക്കണം.
  4. പാർക്കിംഗ് ഏരിയ സജ്ജീകരിക്കണം.

ബീച്ചിലെ മദ്യപാനവും ലഹരി ഉപയോഗവും മറ്റും സ്തീകൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണം.

-എ.പി അബ്ദുള്ളക്കുട്ടി, പ്രസിഡന്റ്

ബോബിഷ് കുന്നത്ത് സെക്രട്ടറി, കാലിക്കറ്റ് ചേംബർ