സഹകരണ ബാങ്കുകൾ 9,000 കോടി രൂപ സമാഹരിക്കുന്നു

Wednesday 14 January 2026 12:54 AM IST

കോട്ടയം : സഹകരണ നിക്ഷേപ സമാഹരണം നാളെ മുതൽ ഫെബ്രുവരി 25 വരെ നടക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 9,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത നിക്ഷേപമായി 1000 കോടിയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടിയും സമാഹരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് പാമ്പാടിയിൽ നടക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 8.60 ശതമാനം വരെ പലിശ ലഭിക്കും. നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പകൾ പരമാവധി ഇളവുകളോടെ അടച്ചുതീർക്കാം. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തു. ആദ്യഘട്ടമായി 10 കോടി രൂപയുടെ ധനസഹായം ലഭ്യമാകും.

പുതിയ പലിശ നിരക്ക്

15 ദിവസം മുതൽ 45 ദിവസം വരെ : 6.25 %

46 ദിവസം മുതൽ 90 ദിവസം വരെ : 6.75 %

91 ദിവസം മുതൽ 179 ദിവസം വരെ : 7 %

180 ദിവസം മുതൽ 364 ദിവസം വരെ : 7.75 %

ഒരു വർഷം മുതൽ രണ്ടു വർഷം താഴെവരെ : 8 %

രണ്ടുവർഷത്തിൽ കൂടുതൽ : 8.10 %