റെക്കാഡ് മുന്നേറ്റം തുടർന്ന് സ്വർണം, വെള്ളി

Wednesday 14 January 2026 12:55 AM IST

സുരക്ഷിതത്വം തേടി നിക്ഷേപകർ പണമൊഴുക്കുന്നു

കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ മറികടക്കാൻ നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണം, വെള്ളി വിലയിലെ റെക്കാഡ് കുതിപ്പ് തുടരുന്നു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് നിക്ഷേപകരിൽ ആശങ്ക സൃഷ്‌ടിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,630 ഡോളർ വരെ ഉയർന്ന് പുതിയ റെക്കാഡിട്ടു. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോയ്ക്ക് ഒന്നര കോടി രൂപയ്ക്ക് അടുത്തെത്തി. വെള്ളിയുടെ രാജ്യാന്തര വില ഔൺസിന് 86 ഡോളറിലാണ്. കേരളത്തിൽ വെള്ളി വില കിലോയ്ക്ക് 2.75 ലക്ഷം രൂപയായി.

കേരളത്തിൽ ഇന്നലെ പവൻ വില 280 രൂപ വർദ്ധിച്ച് 1,04,520 രൂപയിലെത്തി. ഗ്രാമിന്റെ വില 35 രൂപ ഉയർന്ന് 13,065 രൂപയിലെത്തി. അടുത്ത മാസം സ്വർണത്തിന്റെ ആഗോള വില 4,800 ഡോളർ വരെ ഉയർന്നേക്കുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു.

അനുകൂല ഘടകങ്ങൾ

1. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം

2. അമേരിക്കയിലെ ആഭ്യന്തര കടത്തിലെ വർദ്ധന

3. ഡോളറിൽ നിക്ഷേപകർക്ക് വിശ്വാസം കുറയുന്നു

4. നിക്ഷേപമായും ആഭരണമായും ഉപഭോഗമേറുന്നു