ഐ.ഒ.സിയും മാരുതിയും കൈകോർക്കുന്നു

Wednesday 14 January 2026 12:59 AM IST

കൊച്ചി: തെരഞ്ഞെടുത്ത ഇന്ധന സ്റ്റേഷനുകളിൽ സർവീസ് സ്റ്റേഷൻ സ്ഥാപിക്കാൻ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും(ഐ.ഒ.സി) വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും ധാരണയിലെത്തി.

മാരുതി സർവീസ് സൗകര്യങ്ങൾ ലഭ്യമാക്കാൻ ഐ.ഒസി വിപണന ശൃംഖല ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇന്ധനം നിറയ്ക്കുന്ന ഇടങ്ങളിൽ തന്നെ അറ്റകുറ്റപ്പണികളും നടത്താനാകും. മാരുതിയുടെ 5,780ലധികം സർവീസ് ടച്ച്‌പോയിന്റുകൾ ഇതിനായി കൂടുതൽ ശക്തിപ്പെടുത്തും.

മൂല്യവർദ്ധിത സേവനങ്ങളിലൂടെ ഇന്ധന സ്റ്റേഷനിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലുടനീളം 41,000ത്തിലധികം ഇന്ധന സ്റ്റേഷനുകളുണ്ട്.