ആഗോള സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിൽ
കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ (എ.ഐ.എസ്.ഇ.എഫ്) ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചിയിൽ നടക്കും. 'സ്‌പൈസ് 360 – ഭാവിക്ക് സജ്ജമാകാം' പ്രമേയത്തിൽ നടക്കുന്ന സമ്മേളനം
മുൻ ജി20 പ്രതിനിധിയും നീതി ആയോഗിന്റെ മുൻമേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയാകും.
വിപണി വിപുലീകരണം, ആസിയാൻ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തൽ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.
ആഗോളരംഗത്തെ മാറ്റങ്ങളും അനിശ്ചിതത്വങ്ങളും മുൻനിറുത്തി വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കാനാണ് ശ്രമമെന്ന് ഫോറം ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു,
വ്യാപാര–കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിനും സാങ്കേതിക നവീകരണത്തിനും സമ്മേളനം പ്രാധാന്യം നൽകുമെന്ന് വൈസ് ചെയർമാൻ നിഷേഷ് ഷാ പറഞ്ഞു.