തിര. കമ്മിഷൻ കേന്ദ്രത്തിന്റെ കളിപ്പാവ: മറിയം ധാവ്‌ളെ

Wednesday 14 January 2026 12:00 AM IST

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലായ്മ ചെയ്യുകയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ. കോടിക്കണക്കിന് ആളുകളാണ് രാജ്യത്ത് നിന്ന് വെട്ടിമാറ്റപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്നും അവർ ആരോപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പതാക ഉയർത്തി. ശ്രീജ ഷൈജദേവ് രക്തസാക്ഷി പ്രമേയവും സബിത ബീഗം അനശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരായ യു.വാസുകി, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, സെക്രട്ടറി എൻ.സുകന്യ, കേന്ദ്രകമ്മിറ്റിയംഗം ആർ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.