മഞ്ഞുമ്മൽ ബോയ് മാധവ് ഇനി വി.ഐ.പി
കളമശേരി: ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിലും രാഷ്ട്രപതിയുടെ ചായ സൽക്കാരത്തിലും പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ചതോടെ കടവന്ത്ര പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി മാധവ് എ. നായർ മഞ്ഞുമ്മലുകാരുടെ വി.ഐ.പി യായി മാറിയിരിക്കുകയാണ്. അടൽ ഇന്നൊവേഷൻ മിഷന്റെ ഭാഗമായി ചെയ്ത പ്രൊജക്ടുകളാണ് മാധവിനെ ഇതിന് അർഹനാക്കിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ റുഥേനിയം ആൽഫ എന്ന സോഫ്റ്റ് വെയർ സംരംഭത്തിന്റെ സ്ഥാപകനായി.
23ന് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണം. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ ഓഫീസ് എന്നിവ സന്ദർശിക്കാനും സയൻസ് മ്യൂസിയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്. വിമാന യാത്രയടക്കം താമസം, ഭക്ഷണം എല്ലാം കേന്ദ്ര സർക്കാർ വഹിക്കും. കൂടെ മാതാപിതാക്കളിൽ ഒരാൾക്കും സ്കൂളിലെ ഒരു അദ്ധ്യാപകനും പങ്കെടുക്കാം.
കേരളത്തിൽ നിന്ന് രണ്ടു പേർക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്. രാഷ്ട്രപതിയുടെ ചായ സൽക്കാരത്തിന് ക്ഷണമുള്ള ആറു പേരിൽ ഒരാൾ മാധവാണ്. മഞ്ഞുമ്മൽ തെക്ക് മുട്ടം ശ്രീപദത്തിൽ ട്രേഡിംഗ് ബിസിനസ് നടത്തുന്ന അനീഷിന്റെയും മാലിപ്പുറം പോസ്റ്റ് മാസ്റ്റർ ജ്യോതിലക്ഷ്‌മിയുടെയും മകനാണ്.
എ.ഐ മാധവിന്റെ കൈക്കുമ്പിളിൽ
ലളിതമായ ആപ്പുകൾ നിർമ്മിച്ചായിരുന്നു മാധവിന്റെ തുടക്കം. ക്രമേണ എ.ഐ., ഐ.ഒ.ടി, ക്ലൗഡ് അധിഷ്ഠിത സാങ്കേതിക വിദ്യകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലേക്ക് മാറി. ലോകമെമ്പാടും 3000 ത്തിലധികം ആളുകൾ ഉപയോഗിക്കുന്ന മെഡിക്കൽ ഹിസ്റ്ററി ആപ്പായ പോക്ക്മെഡ്, ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള എ.ഐ ഉപകരണമായ ടിബി ലെൻസ്, ഐ.എൻ.എസ് പിയർ മനാക് സ്കീം പിന്തുണയ്ക്കുന്ന ഐ.ഒ.ടി അധിഷ്ഠിത ലാൻഡ് സ്ലൈഡ് മുന്നറിയിപ്പ് സംവിധാനമായ സ്ലൈഡ് ഷീൽഡ് എന്നിവ മാധവ് വികസിപ്പിച്ചെടുത്തവയിൽ ചിലതുമാത്രം. ഏഴാം ക്ലാസ് മുതൽ സ്വന്തം ചെലവുകൾക്കുള്ള വരുമാനം കണ്ടെത്തിയ മിടുക്കനാണ്.
വായു മലിനീകരണ വിശകലനത്തിനായി എയർസ്നിഫ്
ബധിരരും അല്ലാത്തവരുമായ ആളുകളെ എ.ഐ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ സഹായിക്കുന്ന സൈൻസെൻസ്
സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി എന്നിവർക്കാവശ്യമുള്ള സ്റ്റാർട്ടപ്പ്, ബിസിനസ് ആപ്ലിക്കേഷൻ
പഠനത്തോടൊപ്പം സ്‌റ്റിം ക്യൂ കമ്പനിയിൽ 6 മാസ ഇന്റേൺഷിപ്പ് ചെയ്യുന്നു