മെഡി. കോളേജിൽ വൈറോളജി ലാബ്

Wednesday 14 January 2026 2:03 AM IST

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി സ്ഥാപിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ കൗൺസിൽ (ഐ.സി.എം.ആർ) ഫണ്ട് ഉപയോഗിച്ച് സർക്കാരിന്റെ ഭരണാനുമതിയോടെയാണ് ലാബ് സജ്ജമാക്കിയത്. മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാബിൽ പി.സി.ആർ, എലൈസ പരിശോധനകളിലൂടെ കൊവിഡ്, എച്ച് വൺ എൻ വൺ, ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ അതിവേഗത്തിലും കുറഞ്ഞ നിരക്കിലും തിരിച്ചറിയാൻ സാധിക്കും. മദ്ധ്യകേരളത്തിലെ പൊതുജനാരോഗ്യ നിരീക്ഷണവും രോഗനിർണയവും ശക്തിപ്പെടുത്തുന്നതിനൊപ്പം ഗവേഷണ പരിശീലന രംഗങ്ങളിലും ലബോറട്ടറി ഗുണകരമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.