സ്ഥിരം സമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് യു.‌ഡി.എഫിന് ആധിപത്യം

Wednesday 14 January 2026 2:08 AM IST

കൊച്ചി: കൊച്ചി കോർപറേഷനിലെ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ ആധിപത്യം. അദ്ധ്യക്ഷസ്ഥാനം രണ്ടരവർഷം വീതം പങ്കിടാനാണ് കോൺഗ്രസിലെ ധാരണ. എന്നാൽ മുസ്ലിം ലീഗ് പ്രതിനിധി അദ്ധ്യക്ഷനായ പൊതുമരാമത്ത് സമിതിയിൽ ഇത്തരത്തിൽ വീതംവയ്പ്പില്ല. നികുതി സമിതിയൊഴികെ മറ്റെല്ലാ സമിതികളിലേക്കും എൽ.ഡി.എഫ് മത്സരിച്ചു. വിദ്യാഭ്യാസം, നികുതി സമിതികളിൽ മാത്രമാണ് ബി.ജെ.പി മത്സരിച്ചത്. മത്സരിച്ചവർക്കെല്ലാം കമ്മിറ്റിയിലെ സ്വന്തം കക്ഷിയുടെ അംഗബലത്തിന് അനുസൃതമായ വോട്ടുകൾ ലഭിച്ചു.

വികസനകാര്യ സ്ഥിരം സമിതിയിലേക്കാണ് ആദ്യം തിരഞ്ഞെടുപ്പ് നടന്നത്. പത്തംഗ സമിതിയിൽ യു.ഡി.എഫിന്റെ ഷാകൃതക്ക് ആറും എൽ.ഡി.എഫിന്റെ ബ്രിജിത്തിന് മൂന്നും വോട്ടുകൾ ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ക്ഷേമകാര്യ സമിതിയിൽ യു.ഡി.എഫിന്റെ ആന്റണി പൈനുത്തറയും ആരോഗ്യ സമിതിയിൽ യു.ഡി.എഫിന്റെ സീന ഗോകുലനും ആറ് വോട്ടുകൾ വീതം നേടി വിജയിച്ചു. പൊതുമരാമത്ത് സമിതിയിൽ യു.ഡി.എഫിന്റെ ടി.കെ. അഷ്‌റഫ് ആറ് വോട്ട് നേടി എൽ.ഡി.എഫിന്റെ കെ.ജെ. ബെയ്‌സിലിനെ പരാജയപ്പെടുത്തി.

നഗരാസൂത്രണ സമിതിയിൽ യു.ഡി.എഫിന്റെ പി.എം. നസീമ അഞ്ച് വോട്ടും എൽ.ഡി.എഫിന്റെ നിഷ ജോസഫ് നാല് വോട്ടും നേടി. നികുതി അപ്പീൽ സമിതിയിൽ കെ.എ. മനാഫിന് ആറും ബി.ജെ.പിയുടെ പ്രവിത വിജയകുമാറിന് രണ്ടും വോട്ടുകൾ ലഭിച്ചു. വിദ്യാഭ്യാസ സമിതിയിൽ യു.ഡി.എഫിന്റെ ജിസ്മി ജെറാൾഡ് അഞ്ച് വോട്ട് നേടി വിജയിച്ചു. ഇവിടെ എൽ.ഡി.എഫിന്റെ സുഹാന സുബൈറിനും ബി.ജെ.പിയുടെ പത്മകുമാരിക്കും രണ്ട് വോട്ട് വീതം.ഡെപ്യൂട്ടി മേയർ ചെയർമാനായ ധനകാര്യ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നില്ല.

 അദ്ധ്യക്ഷ - സമിതി

ഷാകൃത സുരേഷ് ബാബു (വികസനം) ആന്റണി പൈനുത്തറ (ക്ഷേമം) സീന ഗോകുലൻ (ആരോഗ്യം) ടി.കെ. അഷ്‌റഫ് (പൊതുമരാമത്ത്) പി.എം. നസീമ (നഗരാസൂത്രണം) കെ.എ. മനാഫ് (നികുതി അപ്പീൽ) ജിസ്മി ജെറാൾഡ് (വിദ്യാഭ്യാസം)