ഗുരുവിന്റെയും ആശാന്റെയും കൃതികളെ ആസ്പദമാക്കി മെഗാതിരുവാതിര 17ന്
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും കൃതികൾ കോർത്തിണക്കി മെഗാതിരുവാതിര അവതരിപ്പിക്കും. 17ന് വൈകിട്ട് 6ന് എറണാകുളം ഡർബാർഹാൾ മൈതാനത്ത് ആത്മസൗരഭം എന്ന പേരിൽ സംഘടിപ്പിക്കുന്ന തിരുവാതിരപ്പാട്ടുകളുടെയും തിരുവാതിരയുടെയും അവതരണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
മഹാകവിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെ തിരുവാതിരപ്പാട്ടുകളുടെ ഈണത്തിൽ ചിട്ടപ്പെടുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. സൈഗാളിന്റെ സംഗീതസംവിധാനത്തിൽ നിമ്യാലാലാണ് തിരുവാതിരപ്പാട്ടുകൾ ആലപിക്കുന്നത്. ചടങ്ങിൽ ഗുരുസ്മരണയും ഭദ്രദീപപ്രകാശനവും പ്രീതിനടേശൻ നിർവഹിക്കും
യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, വനിതാസംഘം കണയന്നൂർ യൂണിയൻ പ്രസിഡന്റ് ഭാമ പത്മനാഭൻ തുടങ്ങിയവർ സംസാരിക്കും.