'അവന്‍ ഇന്ത്യയുടെ ഏജന്റാണ്', ബംഗ്ലാദേശ് സൂപ്പര്‍താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിബി അംഗം

Tuesday 13 January 2026 11:36 PM IST

ധാക്ക: ബംഗ്ലാദേശ് മുന്‍ നായകനും സൂപ്പര്‍താരവുമായിരുന്ന തമീം ഇഖ്ബാലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിസിബി അംഗം നജ്മുല്‍ ഇസ്ലാം. തമീം ഇന്ത്യന്‍ ഏജന്റ് ആണെന്നാണ് നജ്മുലിന്റെ ആക്ഷേപം. ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണം എന്ന ആവശ്യത്തില്‍ ചില ബംഗ്ലാദേശ് താരങ്ങളും മുന്‍ താരങ്ങളും ബിസിബിക്ക് എതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമീമിനെ ഇന്ത്യന്‍ ഏജന്റ് എന്ന് വിളിച്ച് നജ്മുല്‍ അധിക്ഷേപിച്ചത്.

വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ബിസിബിയുടെ നിലപാടിനെ വിമര്‍ശിച്ചതിനാണ് തമീം ഇക്ബാലിനെ, നജ്മുല്‍ ഇസ്ലാം 'ഇന്ത്യന്‍ ഏജന്റ്' എന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ആക്ഷേപിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതില്‍ തമീമിന്റെ ആരാധകരടക്കം വന്‍ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ താരങ്ങളായ ടസ്‌കിന്‍ അഹമ്മദ്, മോമിനുള്‍ ഹഖ്, തൈജുല്‍ എന്നിവരും ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശും നജ്മുലിന്റെ അഭിപ്രായത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചു.

സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ആളുകള്‍ ഷെയര്‍ ചെയ്ത് വൈറലാക്കിയതാണ്.തമീമിനെതിരെ എനിക്ക് ഒരു വിരോധവുമില്ല. ആരാണെങ്കിലും ഞാന്‍ ഇത് പറയുമായിരുന്നു. തമീമിന്റെ അഭിപ്രായങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടില്ല,' ഇതാണ് നജ്മുല്‍ ഇസ്ലാം ഏറ്റവും ഒടുവില്‍ നടത്തിയ പ്രതികരണം.

അതേസമയം, ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന നിലപാടിനെ നേരത്തെ തമീം ഇഖ്ബാല്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയോട് ആവശ്യമില്ലാത്ത ശത്രുതയുണ്ടാക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ലെന്നും അടുത്ത പത്ത് വര്‍ഷത്തേക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ ബിസിബിക്ക് കഴിയില്ലെന്നും തമീം പറഞ്ഞിരുന്നു. ഇത്തരം നിലപാടുകള്‍ ബംഗ്ലാദേശിലെ ക്രിക്കറ്റ് താരങ്ങളെയാണ് ബാധിക്കുകയെന്നും തമീം നിലപാട് വ്യക്തമാക്കിയിരുന്നു.