വിമാന സുരക്ഷയ്ക്ക് ഭീഷണി ആഘോഷത്തിലെ ലേസർ ബീം
കൊച്ചി: ഡി.ജെ പാർട്ടി, കാർണിവൽ, ഉത്സവ പരിപാടികൾ എന്നിയ്ക്ക് കൊഴുപ്പേകുന്ന ലേസർ ലൈറ്റുകൾ യാത്രാവിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലേസർ രശ്മികൾ പൈലറ്റുമാരിൽ അതീവ അപായസാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ലാംൻഡിംഗിനായി താഴ്ന്ന് പറക്കുമ്പോഴും ടേക്ക് ഓഫ് സമയത്തും.
സിവിൽ വ്യോമയാന മന്ത്രാലയം പാർലമെന്റിൽ അറിയിച്ചപ്രകാരം രാജ്യത്ത് 2024ൽ ഇത്തരത്തിൽ 548 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 2025ൽ 534 കേസുകളും. ഡൽഹിയിലാണ് ഏറ്റവുമധികം. കേരളത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ യഥാക്രമം 42, 39 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഹൈഡ്രജൻ ബലൂണുകൾ, ദീപാലംകൃതപട്ടങ്ങൾ എന്നിവയും പ്രശ്നമാകാറുണ്ട്. ക്രിമിനൽ മനസുള്ളവർ ലേസർ പോയിന്ററുകൾ കോക്പിറ്റിലേക്ക് ഉന്നം വയ്ക്കുന്നതായും സംശയമുണ്ട്. എന്നാൽ കണ്ടെത്താനാകാത്തവിധം ദുരൂഹമാണ് ചിലതിന്റെ ഉറവിടം. ചെന്നൈ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലുണ്ടായ മൂന്ന് സംഭവങ്ങളിൽ ഉറവിടം തിരിച്ചറിയാനായില്ല.
ലേസർ ലൈറ്റുകൾ വിമാനത്താവളത്തിലേക്ക് ഉന്നംവച്ചാൽ റൺവേ സിഗ്നൽ രശ്മികളെ ബാധിക്കും. പൈലറ്റിന്റെ കണക്കുകൂട്ടൽ തെറ്റാം. അതിനാൽ ലേസർ പ്രയോഗത്തിനെതിരേ ജാഗ്രത വേണമെന്ന് വ്യോമയാന മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
തടവും ഒരു കോടി വരെ പിഴയും
1 ലേസർ പ്രശ്നത്തിൽ പൈലറ്റുമാരിൽ നിന്ന് റിപ്പോർട്ട് കിട്ടിയാൽ വിമാനത്താവള അധികൃതർ വിവരം പൊലീസിനെ അറിയിക്കാറുണ്ട്. എന്നാൽ എഫ്.ഐ.ആർ പോലും ഉണ്ടാകാറില്ല
2 എയർക്രാഫ്ട് ചട്ടങ്ങളിലും എയറോഡ്രോം മാന്വലിലും ഇത്തരം ലൈറ്റുകൾ വിമാനത്താവള പരിസരത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ലംഘിച്ചാൽ ഒരു കോടി വരെ പിഴയും തടവും
വിമാനങ്ങളിൽ ലേസർ
പതിച്ച കേസുകൾ
(എയർപോർട്ട്, 2024, 2025)
ഡൽഹി: 113, 105
കൊൽക്കത്ത: 72, 44
ചെന്നൈ: 67, 54
മംഗളൂരു: 9,11
തിരുവനന്തപുരം: 15, 7
കൊച്ചി: 4, 11
കോഴിക്കോട്: 14, 8
കണ്ണൂർ: 0, 2
പ്രാദേശിക നിയന്ത്രണമാണ് ഫലപ്രദം. ആഘോഷങ്ങൾക്ക് അനുമതി നൽകുമ്പോൾ വിമാനത്താവള പരിസരത്തെങ്കിലും ലേസർ ഷോ ഇല്ലെന്നുറപ്പാക്കണം.
- ബിനു വർഗീസ്, സി.ഇ.ഒ,
മംഗളൂരു എയർപോർട്ട്