ഐഷാ പോറ്റി വന്നാൽ കൊട്ടാരക്കര കടുക്കും

Wednesday 14 January 2026 1:43 AM IST

കൊല്ലം: സി.പി.എം വിട്ട് കോൺഗ്രസിലെത്തി​യ മുൻ എം.എൽ.എ ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയാ​യി എത്തിയാൽ എൽ.ഡി.എഫി​ന് ശുഭപ്രതീക്ഷയുണ്ടായി​രുന്ന കൊട്ടാരക്കരയിൽ പോരാട്ടം കടുക്കും. മണ്ഡലത്തിൽ വീണ്ടും അങ്കത്തിനിറങ്ങുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ കഠി​ന പരീക്ഷണം നേരി​ടേണ്ടി​ വരും. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയുണ്ട് ഐഷാപോറ്റിക്ക്.

2006ൽ ആർ.ബാലകൃഷ്ണപിള്ളയെ അട്ടി​മറി​ച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റി നിയമസഭയിലെത്തിയത്. 2011ലും 16ലും കൊട്ടാരക്കരയിൽ വിജയം ആവർത്തിച്ചു.

2000ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് കൊട്ടാരക്കര ഡിവിഷൻ പിടിക്കാനാണ് അന്ന് 42 വയസുള്ള ഐഷാ പോറ്റിയെ സി.പി.എം ആദ്യമായി കളത്തിലിറക്കിയത്. കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഐഷാ പോറ്റി ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രവർത്തകയായിരുന്നു. കൊട്ടാരക്കര ഡിവിഷനിൽ വിജയിച്ച ഐഷാ പോറ്റിയെ ഭരണസമിതിയുടെ അവസാന രണ്ടരവർഷം ജില്ല പഞ്ചായത്ത് പ്രസിഡന്റാക്കി. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അതേ ഡിവിഷനിൽ വീണ്ടും വിജയിച്ചു.

പ്രിയപ്പെട്ട എം.എൽ.എ

കൊട്ടാരക്കര മണ്ഡലത്തിന്റെ യു.ഡ‌ി.എഫ് അനുകൂല സ്വഭാവം മാറിയതോടെ 2016ൽ സി.പി.എം നേതൃത്വം രണ്ട് ടേം വ്യവസ്ഥയുടെ പേരി​ൽ ഐഷാ പോറ്റിയെ മാറ്റിനിറുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പകരം പരി​ഗണി​ച്ച സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. 2016ൽ മൂന്നാമതും മത്സരിച്ച ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഇരട്ടി വോട്ടു നേടിയാണ് വി​ജയി​ച്ചത്.

വഴിമാറിയത് ബാലഗോപാലി​നായി​

2021ൽ കെ.എൻ.ബാലഗോപാലിനായി വഴിമാറിക്കൊടുത്തു. ഇതിനിടെ സി.പി.എം ജില്ല കമ്മിറ്റി അംഗമായി. തുടർഭരണത്തിൽ സർക്കാർ പദവി പ്രതീക്ഷി​ച്ചെങ്കിലും നൽകിയില്ല. എം.എൽ.എയായിരുന്നപ്പോൾ തുടങ്ങിവച്ച പല പദ്ധതികളുടെയും ഉദ്ഘാടനങ്ങളിൽ പാർട്ടി​ അവഗണി​ച്ചു. തുടർന്ന് പാർട്ടിയുമായി അകന്ന് അഭിഭാഷകവൃത്തിയിൽ സജീവമായി. പാർട്ടി പരിപാടികളിലും കമ്മിറ്റികളിലും പങ്കെടുക്കാതി​രുന്നു. ഇതോടെ ജില്ലാക്കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ആറുമാസം മുൻപ് ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്തത് മുതൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ഉയർന്നിരുന്നു.

നിയമസഭ തിര‌ഞ്ഞെടുപ്പ്, എതിർ സ്ഥാനാർത്ഥി, ഐഷാപോറ്റിയുടെ ഭൂരിപക്ഷം

2006: ആർ.ബാലകൃഷ്ണപിള്ള, 12087

2011: എൻ.എൻ.മുരളി, 20592

2016: സവിൻ സത്യൻ, 42632