മസാലബോണ്ട്: ഇ.ഡിക്ക് നടപടികൾ തുടരാം

Wednesday 14 January 2026 12:52 AM IST

കൊച്ചി: മസാല ബോണ്ടിൽ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരെ ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അയച്ച നോട്ടീസിലെ തുടർനടപടികൾ തുടരാം. നടപടികൾക്കെതിരെയുള്ള സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീളും. അപ്പീൽ ഹർജിക്കാരുടെ പട്ടികയിൽ ഇ.ഡിയെ നിലനിറുത്താനും അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയെ കക്ഷികളുടെ പട്ടികയിലേക്ക് മാറ്റാനും ഹൈക്കോടതി ഡിവിഷൻബെഞ്ച് നിർദ്ദേശിച്ച സാഹചര്യത്തിലാണിത്.

ഇ.ഡിക്കും അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്കും വേണ്ടി ഒരേ അഭിഭാഷകൻ ഹാജരായതിലെ സാങ്കേതിക പ്രശ്നം അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഹർജിക്കാർ ഒരാഴ്ച സമയം തേടുകയായിരുന്നു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. അപ്പീലിൽ കോടതി വിശദവാദം കേൾക്കും.

മസാല ബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്ന് സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിൽ നിയമലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിലെ തുടർനടപടികൾ ഹൈക്കോടതി സിംഗിൾബെഞ്ച് തടഞ്ഞു. ഇതിനെതിരെ ഇ.ഡി നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ ഇടപെടൽ.