ശബരിമല ദ്വാരപാലക കേസിൽ തന്ത്രിയുടെ അറസ്റ്റി​ന് അനുമതി

Wednesday 14 January 2026 1:52 AM IST

കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിൽ നി​ന്ന് സ്വർണം കവർന്ന കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് എസ്.ഐ.ടിക്ക് അനുമതി നൽകി. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയുടെ ജാമ്യാപേക്ഷ 19ന് പരി​ഗണി​ക്കും.

വിജിലൻസ് കോടതി ആവശ്യപ്പെട്ട സത്യവാങ് മൂലം നൽകാൻ, പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഇന്നലെ കൂടുതൽ സമയം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ, റിമാൻഡിൽ കഴിയുന്ന സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ ഒപ്പ് ബ്ലാങ്ക് ചെക്കിൽ വാങ്ങുന്നതിന് അനുമതി തേടിയപ്പോഴാണ് സത്യവാങ്മൂലം ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പണം എന്താവശ്യത്തിന്, ജീവനക്കാരുടെ എണ്ണം, ശമ്പളത്തിനു വേണ്ടിവരുന്ന തുക തുടങ്ങിയവ സംബന്ധിച്ചാണ് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചത്.

ഡിസംബർ 19നാണ് ഭണ്ഡാരി അറസ്റ്റിലായത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 29 വരെ നീട്ടി. നവംബർ 20ന് ആണ് പത്മകുമാർ അറസ്റ്റിലായത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. സിജു രാജൻ ഹാജരായി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.