തന്ത്രി കൊണ്ടുപോയ വാജി വാഹനം കോടതിയിൽ

Wednesday 14 January 2026 1:54 AM IST

കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇന്നലെ ഉച്ചയോടെ ഹാജരാക്കിയ വാജി വാഹനം അപ്രൈസറെ നിയോഗിച്ച് പരിശോധിച്ച ശേഷം കോടതി ഏറ്റെടുത്തു. അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജിവാഹനം. 2017ൽ ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു. ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വാജി വാഹനം തന്റെ വസതിയിലുണ്ടെന്ന് തന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നൽകാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാൽ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തയ്യാറായില്ല.